ഇന്ത്യ-ഖത്തര്‍ ഉച്ചകോടി: ഇ-വിസ ഏര്‍പ്പെടുത്താന്‍ നടപടി

ന്യൂഡല്‍ഹി: വ്യവസായികള്‍ക്കും സഞ്ചാരികള്‍ക്കും ഇ-വിസ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച്  ഇന്ത്യയും ഖത്തറും നടപടി തുടങ്ങി. ഇതുസംബന്ധിച്ച താല്‍പര്യപത്രം ഉള്‍പ്പെടെ അഞ്ചു കരാറുകളില്‍ ഒപ്പുവെച്ചു.
ഇന്ത്യ സന്ദര്‍ശിക്കുന്ന  ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസിര്‍ ബിന്‍  ഖലീഫ ആല്‍ ഥാനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ഡല്‍ഹി ഹൈദരാബാദ് ഹൗസില്‍ നടന്ന ചര്‍ച്ചക്കുശേഷമാണ് കരാര്‍ ഒപ്പിട്ടത്.  
ഡിപ്ളോമാറ്റിക്, സ്പെഷല്‍, ഒഫീഷ്യല്‍ പാസ്പോര്‍ട്ടുള്ളവര്‍ക്ക് വിസ ഇല്ലാതെ യാത്ര സാധ്യമാക്കുന്ന ധാരണപത്രം, സൈബര്‍ ക്രൈം നേരിടാന്‍ ഇരുരാജ്യങ്ങളിലെ അന്വേഷണ ഏജന്‍സികള്‍ സഹകരിക്കുന്നതിനും വിവരങ്ങള്‍ പരസ്പരം പങ്കുവെക്കുന്നതിനുമുള്ള കരാര്‍, തുറമുഖ നടത്തിപ്പില്‍ സഹകരണത്തിനുള്ള ധാരണപത്രം, വ്യാപാര മേഖലയിലെ സഹകരണം എന്നിവയാണ് മറ്റ് കരാറുകള്‍.
  ശനിയാഴ്ച ഒപ്പുവെച്ച താല്‍പര്യപത്രം ഇ-വിസ നടപ്പാക്കുന്നതിന്‍െറ ആദ്യചുവടാണ്. മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസി വ്യവസായികള്‍ക്കും മറ്റും ഗുണം ചെയ്യുന്നതാണ് കരാര്‍.
ഐ.എസ് സാന്നിധ്യം സംശയിച്ച് മലയാളികള്‍ അടക്കമുള്ള പ്രവാസികളുടെ മേല്‍ നിരീക്ഷണം ശക്തമാക്കിയ സാഹചര്യത്തില്‍ സൈബര്‍ ക്രൈം നേരിടാന്‍ ഇന്ത്യയുടെയും ഖത്തറിന്‍െറയും ആഭ്യന്തര മന്ത്രാലയങ്ങള്‍ തമ്മിലുള്ള കരാറിന് ഏറെ പ്രധാന്യമുണ്ട്.  ഇക്കാര്യത്തില്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ്  അജിത് ഡോവല്‍  ഖത്തര്‍ പ്രതിനിധി സംഘവുമായി പ്രത്യേകം കൂടിക്കാഴ്ചയും നടത്തി.
ഇന്ത്യയും ഖത്തറും തമ്മിലുള്ള ബന്ധം കൊടുക്കല്‍-വാങ്ങല്‍ എന്നതിനപ്പുറത്തേക്ക് വളരേണ്ടതുണ്ടെന്ന ആഗ്രഹം ഖത്തര്‍ പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ നരേന്ദ്ര മോദി മുന്നോട്ടുവെച്ചെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. ഊര്‍ജമേഖലയില്‍ ഇന്ത്യയില്‍ ഖത്തറിന്‍െറ നിക്ഷേപത്തിന് സാധ്യതയുണ്ട്. ഖത്തറിന്‍െറ ഹൈഡ്രോ കാര്‍ബണ്‍ പദ്ധതികളില്‍ മുതല്‍മുടക്കാന്‍ ഇന്ത്യന്‍ കമ്പനികളും തല്‍പരരാണ്. ഖത്തറില്‍നിന്ന് യൂറിയ ഇറക്കുമതി ചെയ്യാന്‍ ദീര്‍ഘകാല കരാറിന് ഇന്ത്യയുടെ താല്‍പര്യം അറിയിച്ച മോദി ഖത്തറിന്‍െറ ഭക്ഷ്യ ആവശ്യം നിറവേറ്റാന്‍ ഇന്ത്യക്ക് കഴിയുമെന്നും അറിയിച്ചതായി വികാസ് സ്വരൂപ് പറഞ്ഞു.
രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് എന്നിവരുമായും കൂടിക്കാഴ്ച നടത്തിയ ഖത്തര്‍ പ്രധാനമന്ത്രിയും സംഘവും ശനിയാഴ്ച രാത്രി മടങ്ങി.  രണ്ടുവര്‍ഷത്തിനിടെ, ഇന്ത്യക്കും ഖത്തറിനുമിടയില്‍ നടക്കുന്ന മൂന്നാമത്തെ ഉന്നതതല കൂടിക്കാഴ്ചയാണിത്.  2015 മാര്‍ച്ചില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ അഹ്മദ് ആല്‍ഥാനി ഡല്‍ഹി സന്ദര്‍ശിച്ചതിന് പിന്നാലെ ഈ വര്‍ഷം ജൂണില്‍ നരേന്ദ്ര മോദി ഖത്തറിലും സന്ദര്‍ശനം നടത്തിയിരുന്നു.  

 

Tags:    
News Summary - India, Qatar ink five pacts on visas, cyber security, investments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.