പാക് ക്രൂരതയുടെ പര്യായമായി പാരി

ജമ്മു: അതിര്‍ത്തിയിലെ നിരായുധരായ ഗ്രാമീണര്‍ക്കുനേരെ പാകിസ്താന്‍ സൈന്യം നടത്തുന്ന നിഷ്ഠുരതയുടെ നേര്‍സാക്ഷ്യമാവുകയാണ് പാരി എന്ന ഒരു വയസ്സുകാരി. പാക് സൈന്യത്തിന്‍െറ ഷെല്ലാക്രമണത്തില്‍ കഴുത്തിലും നട്ടെല്ലിനും അടിവയറിലും പരിക്കേറ്റ ഈ കുരുന്നിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ഡോക്ടര്‍മാര്‍ തീവ്രശ്രമത്തിലാണ്.

നവംബര്‍ ഒന്നിന് രംഗുര്‍ ക്യാമ്പിലെ ഗ്രാമത്തിനുനേര്‍ക്കുണ്ടായ പാക് ആക്രമണത്തില്‍ പാരിയുടെ മുത്തച്ഛനും മറ്റ് മൂന്ന് ബന്ധുക്കളും മരിച്ചിരുന്നു. മാതാപിതാക്കള്‍ക്ക് പരിക്കേറ്റു. ഗുരുതരപരിക്കേറ്റ പാരിയെ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച അടിയന്തിര ശസ്ത്രക്രിയ നടത്തി. ചീളുണ്ട തറച്ച് ചെറുകുടലിന്‍െറ ഒരു ഭാഗത്തിനും തകരാറുണ്ടായതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. കുടുംബത്തിനുണ്ടായ ദുരന്തത്തിന്‍െറ ആഘാതം അറിയാതെയാണ് പാരി ആശുപത്രിയില്‍ കഴിയുന്നത്. പാരിയുടെ പിതാവും ഇവിടെ ചികിത്സയിലാണ്. രക്ഷപ്പെടാന്‍ അവസരം നല്‍കാതെ മണിക്കൂറുകളോളം പാക് സൈന്യം ആക്രമണം തുടര്‍ന്നതായി പാരിയുടെ ബന്ധു ഗീത കുമാരി പറഞ്ഞു. എട്ടു പേരാണ് അന്ന് കൊല്ലപ്പെട്ടത്.

അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള തുടര്‍ച്ചയായ ആക്രമണത്തിന്‍െറ ഇരകളായ ഗ്രാമീണരുടെ ദുരിതത്തിന്‍െറ പ്രതീകമായി മാറിയ പാരിയുടെ സൗഖ്യത്തിനായി പ്രാര്‍ഥിക്കുകയാണ് ജമ്മുവിലെ ജനങ്ങള്‍.
ഗ്രാമീണരെയും കുഞ്ഞുങ്ങളെയും ആക്രമിക്കുന്ന പാകിസ്താന്‍ കാട്ടാളത്തമാണ് കാണിക്കുന്നതെന്ന് ഉപമുഖ്യമന്ത്രി നിര്‍മല്‍ സിങ് കുറ്റപ്പെടുത്തി. ആക്രമണത്തില്‍ പരിക്കേറ്റവരുടെ മുഴുവന്‍ ചികിത്സ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Tags:    
News Summary - india pak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.