യു.എന്നില്‍ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

യുനൈറ്റഡ് നേഷന്‍സ്: അതിര്‍ത്തിയില്‍ പാകിസ്താന്‍ നടത്തുന്ന ആക്രമണങ്ങളെ യു.എന്നില്‍ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ. പാകിസ്താന്‍െറ ഭാഗത്തുനിന്നുള്ള തുടര്‍ച്ചയായ ആക്രമണങ്ങളില്‍ അതിര്‍ത്തി മേഖലയിലെ ജനങ്ങള്‍ ഭീതിയിലാണെന്ന് പൊതുസഭയിലെ ഇന്ത്യന്‍ സ്ഥിരാംഗം മായങ്ക് ജോഷി പറഞ്ഞു. ‘സ്വയം നിര്‍ണയത്തിനുള്ള പൗരന്‍െറ അവകാശം’ എന്ന പ്രമേയത്തില്‍ പൊതുസഭയില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കശ്മീരിന്‍െറ ചില ഭാഗങ്ങള്‍ സ്വന്തമാക്കുക എന്നത് പാകിസ്താന്‍െറ അജണ്ടയാണ്. ഈ അജണ്ട നടപ്പാക്കാന്‍ പാകിസ്താന്‍ സ്വന്തം പൗരന്മാരുടെ സ്വയംനിര്‍ണയാവകാശത്തെ പോലും ദുരുപയോഗം ചെയ്യുകയാണ്. കാലങ്ങളായി പാക് ജനത ജനാധിപത്യ ധ്വംസനങ്ങളാല്‍ പീഡിപ്പിക്കപ്പെടുന്നു. ഇപ്പോള്‍ പാക് അധീന കശ്മീരിലേക്ക് അവരെ നിര്‍ബന്ധിപ്പിച്ച് മാറ്റിപ്പാര്‍പ്പിക്കുകയാണ് പാക് ഭരണകൂടം. നിരവധി സ്ത്രീകളും കുട്ടികളും അതിര്‍ത്തിയില്‍ പാക് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. ഇക്കാര്യം മുമ്പും യു.എന്നില്‍ ഉന്നയിക്കപ്പെട്ടതാണ്. ഇപ്പോള്‍ അന്താരാഷ്ട്ര സമൂഹം പാക് നടപടികള്‍ക്കെതിരെ രംഗത്തുവന്നത് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

ഭീകരതയെ സഹായിക്കുന്ന രാഷ്ട്രങ്ങള്‍ക്ക് എതിരെ കടുത്ത നടപടി വേണം –ഇന്ത്യ

 ഭീകരതയെ ഉന്മൂലനം ചെയ്യുന്നതിനൊപ്പം അത് പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രങ്ങളെ മുദ്ര ചെയ്ത്, അവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കണമെന്ന് ഇന്ത്യ. കിര്‍ഗിസ്താനില്‍ നടക്കുന്ന ഷാങ്ഹായ് കോഓപറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്.സി.ഒ) അംഗരാജ്യങ്ങളുടെ രാഷ്ട്രത്തലവന്മാരുടെ യോഗത്തിലാണ് ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്ന വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. സമാധാനത്തിനും സുരക്ഷക്കും നേരെയുള്ള ഏക ഭീഷണി ഭീകരവാദമാണെന്നും അദ്ദേഹം പറഞ്ഞു.

‘‘ഭീകരവാദത്തെ അതിന്‍െറ എല്ലാ അര്‍ഥത്തിലും ചെറുത്തു തോല്‍പിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ഭീകരവാദ പ്രവൃത്തികളെ ഏതെങ്കിലും തരത്തില്‍ ന്യായീകരിക്കുന്ന പ്രവണത ഇന്ത്യയുടെ ഭാഗത്തുനിന്നും ഉണ്ടാവില്ല’’ -എം.ജെ. അക്ബര്‍ പറഞ്ഞു. എസ്.സി.ഒ അതിന്‍െറ തുടക്കം മുതല്‍ ഭീകരതക്കെതിരെ സ്വീകരിച്ച നിലപാടിനെ അദ്ദേഹം പ്രശംസിച്ചു. ഭീകരരെ രക്തസാക്ഷികളായി വാഴ്ത്തുന്ന പ്രവണത അംഗീകരിക്കാനാവില്ല. എസ്.സി.ഒയിലെ ഓരോ അംഗരാജ്യങ്ങളും ഭീകരവാദത്തിന്‍െറ കെടുതികള്‍ നേരിട്ടവരാണെന്നും നിര്‍ദിഷ്ട ആഗോള ഭീകരവാദത്തിനെതിരായ സമഗ്ര നിര്‍ദേശ (സി.സി.ഐ.ടി)  കരടുരേഖ കാലതാമസം കൂടാതെ ഐക്യരാഷ്ട്ര സഭയില്‍ പാസാക്കാന്‍ രാജ്യങ്ങള്‍ മുന്‍കൈയെടുക്കണമെന്നും എം.ജെ. അക്ബര്‍ തുടര്‍ന്നു.

ഈ വര്‍ഷമാണ് എസ്.സി.ഒയില്‍ ഇന്ത്യക്ക് പൂര്‍ണ അംഗത്വ പദവി നല്‍കുമെന്ന പ്രഖ്യാപനമുണ്ടായത്.

Tags:    
News Summary - india pak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.