ന്യൂഡൽഹി: കോവിഡ് ബാധിച്ച് അത്യാസന്ന നിലയിൽ കഴിയുന്ന രോഗികളുടെ എണ്ണത്തിൽ ലോകത്ത് രണ്ടാമതായി ഇന്ത്യ. ചൊവ്വാഴ്ച രാവിലെ വരെ ചികിത്സയിലുള്ള 129,360 പേരിൽ 8,944 രോഗികൾ ഗുരുതരാവസ്ഥയിലാണെന്നാണ് കണക്ക്. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ കോവിഡ് അത്യാസന്ന രോഗികളുള്ളത്, 16,907 പേർ.
അതേസമയം, 24 മണിക്കൂറിനിടെ 9,984 പേരാണ് രാജ്യത്ത് പുതുതായി കോവിഡ് രോഗികളായത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 265,928 ആയി. ഇതിൽ 129,095 പേർ രോഗമുക്തരായപ്പോൾ 7,473 പേർ മരണത്തിന് കീഴടങ്ങി.
മുംബൈ നഗരത്തിൽ കോവിഡ് ബാധിതർ അര ലക്ഷം കടന്നു
സാമ്പത്തിക തലസ്ഥാനമായ മുംബൈ നഗരത്തിൽ കോവിഡ് ബാധിതരുടെ എണ്ണം അര ലക്ഷം കടന്നു. തിങ്കളാഴ്ച 1,311 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 64 പേർ മരിച്ചു. ഇതുൾപ്പെടെ മഹാരാഷ്ട്രയിൽ 2,553 പേർക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും 109 പേർ മരിക്കുകയും ചെയ്തു. ഇതോടെ മഹാരാഷ്ട്രയിൽ ആകെ കോവിഡ് ബാധിതരുടെ എണ്ണം 88,528 ആയി. 3,169 പേരാണ് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്. ധാരാവി ചേരിയിൽ തിങ്കളാഴ്ച 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
തമിഴ്നാട്ടിൽ കോവിഡ് ബാധിതർ 33000 കവിഞ്ഞു
തമിഴ്നാട്ടിൽ കോവിഡ് ബാധിതരായവരുടെ എണ്ണം 33000 കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,562 പേർക്ക് കോവിഡ് ബാധിക്കുകയും 17 പേർ മരിക്കുകയും ചെയ്തു. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം ഇതോടെ 286 ആയി. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ ഓഫീസിലെ മൂന്നു പേർക്കും സെക്രട്ടേറിയറ്റിലെ 40 പേർക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.