പ്രതിഷേധം നടുത്തളവും കടന്ന് സ്പീക്കറുടെ കസേരക്കരികെ

ന്യൂഡൽഹി: പാർലമെന്റ് നടപടികൾ കാണാനെത്തിയ ശ്രീലങ്കയിൽ നിന്നുള്ള ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് റിപ്പബ്ലിക് ഓഫ് ശ്രീലങ്ക പാർട്ടി നേതാക്കളെ വിദേശ അതിഥികൾക്കുള്ള ഗാലറിയിലിരിക്കെ സ്വാഗതം ചെയ്താണ് സ്പീക്കർ ഓം ബിർള തിങ്കളാഴ്ച രാവിലെ 11 മണിക്ക് ലോക്സഭയിൽ നടപടികൾക്ക് തുടക്കമിട്ടത്. തൊട്ടുപിന്നാലെ, പ്രതിപക്ഷ എം.പിമാരുടെ സസ്പെൻഷൻ പിൻവലിക്കണമെന്നും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും സഭയിൽവന്ന് പാർലമെന്റ് സുരക്ഷാ വീഴ്ചയിൽ മറുപടി പറയണമെന്നും ബി.ജെ.പി എം.പിക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ഇൻഡ്യ സഖ്യത്തിലെ മുഴുവൻ എം.പിമാരും മുദ്രാവാക്യം വിളി തുടങ്ങി. സഭയിലെ പ്രതിപക്ഷ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എം.പിമാർ പ്ലക്കാർഡുകളേന്തി സഭയുടെ നടുത്തളത്തിലേക്കിറങ്ങി. പിൻവാങ്ങാനുള്ള അഭ്യർഥന പ്രതിപക്ഷം നിരസിച്ചതോടെ സ്പീക്കർ 12 മണി വരെ സഭ നിർത്തിവെച്ചു.

12 മണിക്ക് സഭ വീണ്ടും സമ്മേളിച്ചപ്പോൾ പ്രതിഷേധം ഗൗനിക്കാതെ ചെയറിലുണ്ടായിരുന്ന രാജേന്ദ്ര അഗർവാൾ സഭാ നടപടികളുമായി മുന്നോട്ടുപോയത് പ്രതിപക്ഷ എം.പിമാരുടെ പ്രതിഷേധം രൂക്ഷമാക്കി. രണ്ടുമണി വരെ നിർത്തിവെച്ച് വീണ്ടും ചേർന്ന് ബഹളത്തിനിടയിൽ ടെലികോം ബിൽ അവതരിപ്പിക്കുകയും പോസ്റ്റ് ഓഫിസ് ബിൽ ചർച്ച തുടരുകയും ചെയ്തു. അതോടെ പ്രതിപക്ഷ എം.പിമാർ പ്ലക്കാർഡുകളുമായി സെക്രട്ടറി ജനറലിന് മുന്നിലുള്ള മേശ വലയം ചെയ്ത് മുദ്രാവാക്യം വിളി തുടർന്നു. ഒരിക്കലും നടുത്തളത്തിലിറങ്ങാത്ത ഇ.ടി. മുഹമ്മദ് ബഷീറും അബ്ദുസമദ് സമദാനിയും എൻ.കെ. പ്രേമചന്ദ്രനുമടക്കമുള്ളവർ പ്ലക്കാർഡുകളുമായി ഇറങ്ങി. സർക്കാറും ചെയറും ഗൗനിക്കാതായതോടെ എം.പിമാർ സമാന്തര സഭ സംഘടിപ്പിക്കുകയും തൃണമൂൽ കോൺഗ്രസ് നേതാവ് കല്യാൺ ബാനർജി പ്ലക്കാർഡുകൾ വലിച്ചു കീറിയെറിയുകയും ചെയ്തു.

അതിനുശേഷം 2.30 വരെ നിർത്തിവെച്ചു. സഭ നടത്താൻ അനുവദിക്കണമെന്ന് പ്രതിപക്ഷ നേതാക്കളുടെ അടുത്തെത്തി കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ആവശ്യപ്പെട്ടു. പ്രതിഷേധം നയിച്ചിരുന്ന ഗൗരവ് ഗോഗോയിയും എ. രാജയും ദയാനിധി മാരനും പ്രതിപക്ഷത്തെ സസ്പെൻഡ് ചെയ്യാൻ വെല്ലുവിളിച്ചതോടെ മന്ത്രി മടങ്ങി. 2.30ന് സഭ വീണ്ടും ചേർന്നപ്പോൾ കോൺഗ്രസ് എം.പിമാരായ അബ്ദുൽ ഖാലിഖ്, ഡോ. കെ. ജയകുമാർ, വിജയ് വസന്ത് എന്നിവർ പ്ലക്കാർഡും മുദ്രാവാക്യവുമായി സ്പീക്കറുടെ മേശക്കരികിലേക്ക് കയറിച്ചെന്നു. സ്പീക്കറുടെ മൈക്കിലൂടെ മൂവരും മുദ്രാവാക്യം വിളിച്ചു. മറ്റുള്ളവർ സെക്രട്ടറി ജനറലിന് മുന്നിലുള്ള മേശ വലയം ചെയ്ത് മുദ്രാവാക്യം വിളി തുടർന്നു.

തുടർന്ന് സഭ നിർത്തിവെച്ച് ചെയറിലുണ്ടായിരുന്ന രാജേന്ദ്ര അഗർവാൾ മന്ത്രിമാരായ പ്രഹ്ലാദ് ജോഷിയെയും അർജുൻ സിങ് മേഘ്‍വാളിനെയും കണ്ട് ചർച്ച നടത്തി. തുടർന്ന് രണ്ട് കേന്ദ്ര മന്ത്രിമാരും ബി.ജെ.പി എം.പി നിഷികാന്ത് ദുബെയും സ്പീക്കറുടെ ചേംബറിൽ ചെന്ന് നടത്തിയ ചർച്ചയിൽ 33 പേരെ സസ്പെൻഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

സസ്പെൻഷനിൽ 19 കേരള എം.പിമാർ

ന്യൂഡൽഹി: പാർലമെന്റിലെ പ്രതിപക്ഷ പ്രതിഷേധത്തിന് കേരളത്തിൽനിന്ന് ഇതുവരെയും സസ്പെൻഡ് ചെയ്യപ്പെട്ടത് 19 എം.പിമാർ. ഇവരിൽ 12 പേർ കോൺഗ്രസിന്റെയും മൂന്നു പേർ സി.പി.എമ്മിന്റെയും രണ്ടു പേർ സി.പി.ഐയുടെയും ഒരാൾ വീതം മുസ്‍ലിം ലീഗിന്റെയും കേരള കോൺഗ്രസ്-എമ്മിന്റെയും അംഗങ്ങളാണ്.

കെ.സി. വേണുഗോപാൽ, ജെബി മേത്തർ ഹിശാം (കോൺഗ്രസ്), ബിനോയ് വിശ്വം, പി. സന്തോഷ് കുമാർ (സി.പി.ഐ), ഡോ. വി. ശിവദാസൻ, ജോൺ ബ്രിട്ടാസ്, എ.എ. റഹീം (സി.പി.എം), ജോസ് കെ. മാണി (കേരള കോൺഗ്രസ്-എം) എന്നിവരെ രാജ്യസഭയിൽനിന്നും കെ. മുരളീധരൻ, ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ്, രാജ്മോഹൻ ഉണ്ണിത്താൻ (കോൺഗ്രസ്), ഇ.ടി. മുഹമ്മദ് ബഷീർ (മുസ്‍ലിം ലീഗ്) എന്നിവരെ ലോക്സഭയിൽനിന്നും തിങ്കളാഴ്ച സസ്പെൻഡ് ചെയ്തു. ഹൈബി ഈഡൻ, ടി.എൻ. പ്രതാപൻ, ബെന്നി ബെഹനാൻ, വി.കെ. ശ്രീകണ്ഠൻ, രമ്യ ഹരിദാസ്, ഡീൻ കുര്യാക്കോസ് എന്നിവരാണ് നേരത്തേ സസ്പെൻഷനിലായ കോൺഗ്രസിന്റെ കേരള എം.പിമാർ.

Tags:    
News Summary - In Unprecedented Move, Close To 100 MPs Suspended From Parliament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.