ന്യൂഡൽഹി: കോവിഡ്19 ലോകത്തിെൻറ ഘടന മാറ്റിയെഴുതുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആഗോളതലത്തിൽ വൈറസ് രണ്ടു മേഖലകളിലാണ് പ്രധാനമായും ബാധിച്ചത്. ആരോഗ്യതലത്തിലും ആഗോളസാമ്പത്തിക ഘടനയിലും. ആഗോളവത്കരണത്തിെൻറ തന്ത്രപ്രധാന കേന്ദ്രങ്ങളിലാണ് കോവിഡ് കൂടുതൽ ബാധിച്ചത്. കോവിഡിനു ശേഷം പുതിയ ലോകക്രമമുണ്ടാകുമെന്നും വിശ്വസിക്കുന്നു. ആളുകൾ പറയുന്നു 9/11 പുതിയ അധ്യായമായിരുന്നുവെന്ന്. എന്നാൽ കോവിഡ്19 പുതിയ പുസ്തകമാണ് -രാഹുൽ പറഞ്ഞു.
പ്രശസ്ത ആരോഗ്യവിദഗ്ധനും ഹാർവഡ് യൂനിവേഴ്സിറ്റി പ്രഫസറുമായ ഡോ. ആശിഷ് ഝായുമായും സ്വീഡിഷ് എപിഡമോളജിസ്റ്റും പ്രഫസറുമായ ജോഹൻ ഗീസെക്കുമായും വിഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയായിരുന്നു രാഹുൽ. ഇന്ത്യയിലെ ചൂടേറിയ കാലാവസ്ഥയിൽ വൈറസിന് അതിജീവിക്കാനാവില്ലെന്ന നിരീക്ഷണങ്ങൾ പ്രഫ. ആശിഷ് ഝാ തള്ളി. അക്കാര്യം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല എന്നായിരുന്നു അദ്ദേഹത്തിെൻറ മറുപടി.
പരിശോധന വ്യാപിക്കുന്നതു വഴി മാത്രമേ വൈറസിെൻറ പെരുകൽ തടയാൻ സാധിക്കൂ. വൈറസിനെ വാക്സിൻ വഴി ഇന്ത്യക്കാർക്ക് പ്രതിരോധിക്കാൻ കഴിയുമെന്ന വാദഗതികളും അദ്ദേഹം തള്ളി. കോവിഡിനു ശേഷമുള്ള ഇന്ത്യയെ കുറിച്ച് വിവിധ മേഖലകളിലെ വിദഗ്ധരുമായുള്ള രാഹുൽ ഗാന്ധിയുടെ ചർച്ചയുടെ ഭാഗമായാണീ സംഭാഷണം. നേരത്തേ നൊബേൽ ജേതാവ് അഭിജിത് ബാനർജി, റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ എന്നിവരുമായും രാഹുൽ ചർച്ച നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.