ഞാനും ഹിന്ദുവാണ്, പക്ഷേ എനിക്ക് പ്രധാനം ഭരണഘടന -യശ്വന്ത് സിൻഹ 

ന്യൂഡൽഹി: കേന്ദ്ര സർക്കാറിനും ബി.ജെ.പിക്കുമെതിരെ അതിരൂക്ഷ വിമർശനമുയർത്തി മുൻ ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന യശ്വന്ത് സിൻഹ. താനും ഒരു ഹിന്ദുവാണ്. എന്നാൽ ഇന്ത്യൻ ഭരണഘടനയാണ് തനിക്ക് മുന്നിൽ ഏറ്റവും പ്രാധാന്യമുള്ളതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. 

പുരാണ പരമ്പരകളായ രാമായണവും മഹാഭാരതവും ദൂരദർശൻ പുന:സംപ്രേഷണം ചെയ്യുന്നതിനെ വിമർശിച്ച് യശ്വന്ത് സിൻഹ ട്വിറ്ററിൽ എഴുതിയിരുന്നു. പൊതുസ്ഥാപനമായ ദൂരദർശന്‍റെ മാനേജർമാർക്ക് ഇന്ത്യ ഇപ്പോൾ തന്നെ ഒരു ഹിന്ദു രാഷ്ട്രമാണ്. ലോക്ഡൗൺ മുതലെടുത്ത് കേന്ദ്ര സർക്കാർ അവരുടെ ഗൂഢ പദ്ധതി നടപ്പാക്കുകയാണ്. ഇതിനെതിരെ കരുതിയിരിക്കുക -ഇതായിരുന്നു യശ്വന്ത് സിൻഹയുടെ ട്വീറ്റ്. 

സംഘ്പരിവാർ അണികൾ കടുത്ത വിമർശനമാണ് യശ്വന്ത് സിൻഹക്കെതിരെ ഉയർത്തിയത്. തന്‍റെ ട്വീറ്റിന് ലഭിച്ച 3400 കമന്‍റുകളിൽ ഭൂരിഭാഗവും മോശം വാക്കുകളായിരുന്നുവെന്ന് യശ്വന്ത് സിൻഹ ചൂണ്ടിക്കാട്ടി. ‘ഭക്ത’രോട് ഒന്നുമാത്രമേ പറയാനുള്ളൂ, താനും ഒരു നല്ല ഹിന്ദുവാണ്. പക്ഷേ, തന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യയുടെ ഭരണഘടനയാണ് ഏറ്റവും പരമമായുള്ളത്. അതിനായി അവസാന ശ്വാസം വരെയും നിലകൊള്ളും -വിമർശനങ്ങൾക്ക് മറുപടിയായി സിൻഹ ട്വീറ്റ് ചെയ്തു. 

രാമായണത്തെയോ മഹാഭാരതത്തെ‍യോ താൻ പേരെടുത്ത് പറഞ്ഞിട്ടില്ല. എന്നാൽ, ഇവയുടെ സംപ്രേഷണത്തെ താൻ എതിർക്കുന്നുവെന്നാണ് ട്രോളുകളിൽ പറയുന്നത്. ദൂരദർശൻ സംപ്രേഷണം ചെയ്യുന്ന മറ്റ് പരിപാടികൾ കൂടി ഏതുതരത്തിലുള്ളതാണെന്ന് പരിശോധിക്കൂ. 

രാമായണം 1987ലും മഹാഭാരതം 1988ലുമാണ് പ്രദർശിപ്പിച്ചത്. മോദി സർക്കാറിന് അവയുടെ ക്രെഡിറ്റ് അവകാശപ്പെടാനാകില്ല -സിൻഹ പറഞ്ഞു. 

ബി.ജെ.പിയുടെ ഹിന്ദുത്വ അജണ്ടയെ തുറന്നുകാട്ടി മുൻദിവസങ്ങളിലും സിൻഹ ട്വീറ്റ് ചെയ്തിരുന്നു. വർഗീയത ആളിക്കത്തിക്കുക മാത്രമാണ് ബി.ജെ.പിയുടെ ഒരേയൊരു അജണ്ടയെന്ന് വ്യക്തമായിരിക്കുകയാണ്. ഝാർഖണ്ഡിലെ പഴങ്ങളും പച്ചക്കറികളും ഒന്നുകിൽ ഹിന്ദുവോ അല്ലെങ്കിൽ മുസ്ലിമോ ആണ്. ബംഗാളിലെ മുസ്ലിങ്ങളെ രാഷ്ട്രീയ താൽപര്യങ്ങൾക്കായി അപകീർത്തിപ്പെടുത്തുകയാണ്. മഹാരാഷ്ട്ര‍യിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. ആർ.എസ്.എസിന്‍റെയും സർക്കാറിന്‍റെയും ഉന്നതങ്ങളിലുള്ളവർ രാജ്യതന്ത്രജ്ഞരായി നടിക്കുകയാണ്. അവർക്ക് താഴെയുള്ളവർക്ക് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. യു.പിയിലെ ബി.ജെ.പി എം.എൽ.എമാർ എങ്ങിനെയാണ് പെരുമാറുന്നതെന്ന് നോക്കൂ. വാജ്പേയി നയിച്ച പാർട്ടി തന്നെയാണോ ഇത് -യശ്വന്ത് സിൻഹ ചോദിക്കുന്നു. 

ബി.ജെ.പിയുമായി ഏറെക്കാലമായി അകന്നുകഴിയുന്ന യശ്വന്ത് സിൻഹ മുമ്പും നിരവധി വിഷയങ്ങളിൽ കനത്ത വിമർശനമുയർത്തി പാർട്ടിക്ക് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. സി.എ.എ, എൻ.ആർ.സി വിഷയങ്ങളിലും കേന്ദ്ര സർക്കാറിനെ രൂക്ഷമായി വിമർശിച്ച് മുൻ നേതാവ് രംഗത്തെത്തിയിരുന്നു. 

ഇന്ത്യയിലെ ഏറ്റവും അപകടകാരിയായ 'തുക്ഡേ തുക്ഡേ' സംഘത്തിൽ രണ്ടുപേരാണുള്ളതെന്നും രണ്ടുപേരും ബി.ജെ.പിയിലാണുള്ളതെന്നും യശ്വന്ത് സിൻഹ മോദിയെയും അമിത് ഷാ‍യെയും ലക്ഷ്യമിട്ട് പറഞ്ഞിരുന്നു. 

ബി.ജെ.പിയുടെ പ്രമുഖ നേതാവായിരുന്ന യശ്വന്ത് സിൻഹ വാജ്‌പേയി മന്ത്രിസഭയില്‍ (1998-2002) ധനം, വിദേശകാര്യ വകുപ്പുകളാണ് കൈകാര്യം ചെയ്തിരുന്നത്. ദേശീയ നിർവാഹക സമിതിയിൽ അംഗം കൂടിയായ ഇദ്ദേഹം അഭിപ്രായ ഭിന്നതകളെ തുടർന്ന് 2018ലാണ് പാർട്ടി വിട്ടതായി പ്രഖ്യാപിച്ചത്. നേരത്തെ, നോട്ട് നിരോധനം ഉള്‍പ്പെടെയുള്ള വിഷയങ്ങളിലും മോദിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. 

Tags:    
News Summary - I am as good a Hindu as any, but for me the Constitution of India is supreme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.