ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷിയായ ബാജി റൗത്തിന്റെ നൂറാം ജന്മ വാർഷികത്തിൽ അദ്ദേഹത്തിന്റെ വിപ്ലവ സ്മരണ പുതുക്കുകയാണ് മനുഷ്യാവകാശ പ്രവർത്തകനായ കെ. സഹദേവൻ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബ്രിട്ടീഷ് സൈന്യത്തിനു മുന്നിൽ പതറാതെ നിന്ന് ജീവൻ തന്നെ ബലിയർപ്പിച്ച ബാജി റാവു എന്ന 12 കാരന്റെ അധികമാരും അറിയാത്ത ചരിത്രം അദ്ദേഹം പരാമർശിച്ചത്. ബാജി റാവുവിന്റെ രക്തസാക്ഷിത്വത്തെ ശരിയാംവണ്ണം അടയാളപ്പെടുത്താന്‍ ഭരണകൂടം പോലും തയ്യാറായില്ലെന്നും സഹദേവൻ ചൂണ്ടിക്കാണിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
‘‘1938 ഒക്ടോബര്‍ 11. ഒഡിഷയിലെ ഡെങ്കനാല്‍ ജില്ലയിലെ നീലകണ്ഠപ്പൂര്‍ ഗ്രാമം. ആയിരക്കണക്കായ ഗ്രാമീണരുടെ സാന്നിധ്യത്തില്‍ അവിടെ ഒരു ശവസംസ്‌കാരം നടക്കുകയാണ്. മരണപ്പെട്ടത് 12 വയസ്സുകാരനായ ഒരു ആദിവാസി ബാലനാണ്. പേര് ബാജി റൗത്.
ചിത കത്തിയെരിഞ്ഞുകൊണ്ടിരിക്കെ, അവിടെ വളരെ സ്വാഭാവികമായും ചേര്‍ന്ന അനുശോചന സമ്മേളനത്തില്‍ ഒഡിഷയിലെ ‘ബിപ്ലവി കവി’ എന്ന് പില്‍ക്കാലത്ത് അറിയപ്പെട്ട ജ്ഞാനപീഠ ജേതാവായി മാറിയ സച്ചിദാനന്ദ റൗട് റേ ഇങ്ങനെ പാടി:
‘നുഹേന്‍ ബന്ധു, നുഹേന്‍ ഏ ചിത ഏ ദേശ തിമിര തലേ, ഏ ആലിബ മുക്തി സലിത’ (ചങ്ങാതീ, ഇതൊരു ചിതയല്ല. രാഷ്ട്രം നിരാശയുടെ അന്ധകാരത്തില്‍ പെട്ടുഴലുമ്പോള്‍ ഇത് സ്വാതന്ത്ര്യ ദീപമാണ്. ഇത് നമ്മുടെ സ്വാതന്ത്ര ജ്വാലയാണ്).
നമ്മളിതുവരെ കേട്ടിട്ടില്ലല്ലോ? ഇല്ല, കേള്‍ക്കില്ല. കാരണം ലളിതമാണ്. അദ്ദേഹം ഒരു ആദിവാസിയാണ്.
ഏപ്പോഴാണ് അദ്ദേഹം രക്തസാക്ഷിയായത്?പന്ത്രണ്ടാമത്തെ വയസ്സില്‍. പന്ത്രണ്ടാമത്തെ വയസ്സില്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തെന്നോ? എന്താണദ്ദേഹം ചെയ്തത്?
സ്വാതന്ത്ര സമരസേനാനികളെ അറസ്റ്റ് ചെയ്യാനെത്തിയ ബ്രിട്ടീഷ് സൈന്യത്തെ തോണികടത്താന്‍ വിസമ്മതിച്ചു എന്നതായിരുന്നു ബാജി റൗതിന്റെ കുറ്റം. പൊലീസുകാരുടെ ഭീഷണികള്‍ക്കും മർദനങ്ങള്‍ക്കും വശംവദനാകാതെ തന്റെ നിലപാടില്‍ ഉറച്ചു നിന്നു ബാജിറൗത്.
ഒടുവില്‍ പൊലീസുകാരന്റെ ബയണറ്റിന്റെ അടിയേറ്റ് അദ്ദേഹം അവശനായി വീണു. വീഴുന്നതിനിടയിലും പൊലീസുകാരനെ തന്റെ കയ്യിലുള്ള കത്തികൊണ്ട് ആക്രമിക്കാന്‍ മടിച്ചില്ല ബാജി. ഈ സമയത്തിനിടയില്‍ ബഹളം വെച്ച് ആളെ കൂട്ടുകയും സ്വാതന്ത്ര സമര സേനാനികളെ രക്ഷപ്പെടാന്‍ സഹായിക്കുകയും ചെയ്തു കൊച്ചു ബാജി റൗത്. പൊലീസുകാരുടെ ബയണറ്റിനാല്‍ അടിയേറ്റ് വീണ ബാജി പിന്നീട് മരണപ്പെട്ടു.
1925ല്‍ ജനിച്ച ബാജി റൗതിന്റെ നൂറാം ജന്മവാര്‍ഷികമാണിത്. ബാജി റൗതിന്റെ രക്തസാക്ഷിത്വത്തെ ശരിയാംവണ്ണം അടയാളപ്പെടുത്താന്‍ ഭരണകൂടം തയ്യാറായില്ല. ഒഡിഷയിലെ ഡെങ്കനാല്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന, ആദിവാസി വിദ്യാർഥികള്‍ക്കുള്ള ഹോസ്റ്റല്‍- ബാജിറൗത് ഛാത്രാവാസ്- മാത്രമാണ് ബാജിയുടെ പേരിലുള്ള ഏക സ്മാരകം’’- പോസ്റ്റ് അവസാനിക്കുന്നു.
ചെറുപ്പത്തിൽതന്നെ പിതാവിനെ നഷ്ടമായ ബാജിയെ അമ്മ പാടത്തുപണിയെടുത്താണ് പോറ്റിയിരുന്നത്. മുപ്പതുകൾ ഒഡിഷ മേഖലയിൽ പ്രജാമണ്ഡൽ പ്രസ്ഥാനം ശക്തിപ്പെട്ട സമയമായിരുന്നു. കടുത്ത നികുതി നിയമങ്ങൾക്കെതിരെ പ്രജാമണ്ഡൽ പ്രക്ഷോഭരംഗത്തിറങ്ങി. 1938ൽ അമ്പതിനായിരത്തിലേറെ ജനങ്ങൾ രാജാ ശങ്കർ പ്രതാപ്സിന്ധിയുടെ കൊട്ടാരത്തിനു മുന്നിൽ പ്രതിഷേധിച്ചു. ഇതിനെ നേരിടാൻ രാജാവ് വൻ സന്നാഹമൊരുക്കി. കൂടാതെ, പ്രതിഷേധത്തെ അടിച്ചമർത്താൻ ബ്രിട്ടീഷ് പട്ടാളവുമെത്തി.
പ്രക്ഷോഭകർ രൂപവത്കരിച്ച 'ബാനര സേന'യെന്ന വളന്റിയർ സംഘത്തിൽ ബാജിയുടെ രണ്ടു ജ്യേഷ്ഠന്മാർ സജീവമായിരുന്നു. ഇവരുടെ പ്രവർത്തനം കണ്ടുവളർന്ന ബാജിയിൽ രാജ വിരോധം സ്വാഭാവികമായി വളർന്നു. വലിയ നികുതി ചൂണ്ടിക്കാട്ടി, വീട്ടിൽനിന്ന് നൽകുന്ന ഉപ്പിന്റെ അളവ് അമ്മ കുറച്ചതും ആ 12കാരനിൽ ഭരണവിരുദ്ധ വികാരമായി മാറി. ഇതിനിടെ രാജാവിന്റെ സേനയും ബ്രിട്ടീഷ് പട്ടാളവും മേഖലയിൽ കടുത്ത ക്രൂരതകൾ അഴിച്ചുവിട്ടു.
വീടുകൾ കത്തിച്ചും കൊല്ലും കൊലയും നടത്തിയും അവർ അഴിഞ്ഞാടി. 1938 ഒക്ടോബർ 11ന് അറസ്റ്റ് ചെയ്ത പ്രക്ഷോഭകരെയുമായി ബ്രാഹ്മണി നദിക്കരയിലെത്തിയ അധികാരികളെ ബാനര സേന വളന്റിയർമാർ തടഞ്ഞു. തുടർന്ന് നടന്ന വെടിവെപ്പിൽ, വളന്റിയർ സംഘത്തിലുണ്ടായിരുന്ന ബാജി റൗട്ട് അടക്കം ആറുപേർ മരിച്ചുവീഴുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.