ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ കർണൂലിൽ 19 യാത്രാക്കാർ വെന്തുമരിച്ച ബസപകടത്തിന്‍റെ തീവ്രത കൂട്ടിയത് റിയൽമി സ്മാർട്ട് ഫോണുകളാണെന്ന് സംശയം ഉയരുന്നു. കർണൂൾ ബസ് തീപിടുത്ത കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ച ബസിനുള്ളിൽ 234 റിയൽമി സ്മാർട്ട്‌ഫോണുകൾ ഉണ്ടായിരുന്നുവെന്ന വിവരം പുറത്തുവന്നത്.
ഈ ഫോണുകളുടെ ബാറ്ററികൾ പൊട്ടിത്തെറിച്ചതാണ് ബസിനെ വിഴുങ്ങിയ തീപിടുത്തത്തിന്റെ തീവ്രത വർധിപ്പിച്ചതെന്ന് ഫോറൻസിക് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
46 ലക്ഷം രൂപ വിലയുള്ള സ്മാർട്ട്‌ഫോണുകളാണ് തീപിടത്തത്തിൽ പൊട്ടിത്തെറിച്ചത്. 234 റിയൽമി സ്മാർട്ട്‌ഫോണുകൾ ഹൈദരാബാദ് ആസ്ഥാനമായുള്ള മംഗനാഥ് എന്ന ബിസിനസുകാരന് പാഴ്സലായി എത്തിക്കാനുള്ളതായിരുന്നു.
ഇ-കൊമേഴ്‌സ് ഭീമനായ ഫ്ലിപ്കാർട്ടിലേക്കാണ് ഈ ചരക്ക് അയച്ചിരുന്നത്. അവിടെ നിന്നുമാണ് ഫോണുകൾ ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്നത്. ഫോണുകൾക്ക് തീപിടിച്ചതോടെ ബാറ്ററികൾ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു.
ഇന്ധന ചോർച്ച മൂലമാണ് ബസിന് ആദ്യം തീപിടിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സ്മാർട്ട്‌ഫോണുകൾ പൊട്ടിത്തെറിച്ചതിന് പുറമേ, ബസിലെ എയർ കണ്ടീഷനിംഗ് സിസ്റ്റത്തിനായി ഉപയോഗിക്കുന്ന ഇലക്ട്രിക്കൽ ബാറ്ററികളും പൊട്ടിത്തെറിച്ചതായി ആന്ധ്രാപ്രദേശ് ഫയർ സർവീസസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജനറൽ പി. വെങ്കിട്ടരാമൻ ചൂണ്ടിക്കാട്ടി.
കഠിനമായ ചൂട് ഉണ്ടായിരുന്നതിനാൽ ബസിനടിയിലെ അലുമിനിയം ഷീറ്റുകൾ ഉരുകിപ്പോയിരുന്നു. ഇന്ധന ചോർച്ച മൂലമാണ് മുൻവശത്ത് തീ പടർന്നതെന്നാണ് കരുതുന്നത്. ബസിനടിയിൽ ഒരു ബൈക്ക് കുടുങ്ങി. തത്ഫലമായി പെട്രോൾ തെറിച്ചതും ചൂടും തീപ്പൊരിയുമായി ചേർന്ന് തീ ആളിക്കത്തിച്ചു. അത് പെട്ടെന്ന് തന്നെ വാഹനം മുഴുവൻ വിഴുങ്ങുകയായിരുന്നുവെന്നും വെങ്കിട്ടരാമൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.