മുംബൈ: മുൻ സെബി ചെയർപേഴ്‌സൺ മാധബി പുരി ബുച്ചിനും മറ്റ് അഞ്ച് ഉദ്യോഗസ്ഥർക്കുമെതിരെ തൽക്കാലം നടിപടിയെടുക്കരുതെന്ന് എ.സി.ബി( ആന്റി കറപ്ഷൻ ബ്യൂറോ) യോട് നിർദേശിച്ച് ബോംബെ ഹൈകോടതി. 1994ൽ ബി.എസ്.ഇയിൽ കമ്പനി ലിസ്‌റ്റ് ചെയ്യുന്നതിനിടെ നടത്തിയ വഞ്ചനാ ആരോപണങ്ങളിൽ ബുച്ചിനും മറ്റ് അഞ്ചു പേർക്കുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ സംസ്ഥാന എ.സി.ബിയോട് പ്രത്യേക കോടതി മാർച്ച് ഒന്നിന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ ബുച്ചും ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് എം.ഡി സുന്ദരരാമൻ രാമമൂർത്തിയും മറ്റുള്ളവരും തിങ്കളാഴ്ച ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
പ്രത്യേക കോടതി ഉത്തരവ് നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്ന് വിശേഷിപ്പിച്ച് അത് റദ്ദാക്കണമെന്നായിരുന്നു ഹരജികളിലെ ആവശ്യം. തീരുമാനം എടുക്കുന്നതിന് മുമ്പ് ഹരജിക്കാർക്ക് നോട്ടീസ് നൽകുകയോ കേൾക്കുകയോ ചെയ്യാത്തതിനാൽ ഉത്തരവ് നിയമപരമായി സുസ്ഥിരമല്ലെന്ന് ഹരജികളിൽ പറയുന്നു.
ജസ്റ്റിസ് എസ്.ജി ഡിഗെയുടെ സിംഗിൾ ബെഞ്ചാണ് ഹരജികൾ അടിയന്തരമായി പരിഗണിക്കുന്നത്. ഹരജികൾ ചൊവ്വാഴ്ച കേൾക്കുമെന്നും അതുവരെ കേസ് അന്വേഷിക്കാൻ നിർദേശിച്ച സംസ്ഥാന അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) പ്രത്യേക കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്രവൃത്തിക്കരുതെന്നും ബെഞ്ച് ഉത്തരവിട്ടു. സോളിസിറ്റർ ജനറൽ തുഷാർ മേത്ത, ബുച്ചിനും നിലവിലെ മൂന്ന് സെബി ഡയറക്ടർമാരായ അശ്വനി ഭാട്ടിയ, അനന്ത് നാരായൺ ജി, കമലേഷ് ചന്ദ്ര വർഷ്‌ണി എന്നിവർക്കും വേണ്ടി ഹാജരായി. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസറുമായ സുന്ദരരാമൻ രാമമൂർത്തിക്കും മുൻ ചെയർമാനും പൊതുതാത്പര്യ ഡയറക്ടറുമായ പ്രമോദ് അഗർവാളിന് വേണ്ടി മുതിർന്ന അഭിഭാഷകൻ അമിത് ദേശായി ഹാജരായി.
റെഗുലേറ്ററി വീഴ്ചകൾക്കും ഒത്തുകളികൾക്കും പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും ന്യായവും നിഷ്പക്ഷവുമായ അന്വേഷണം ആവശ്യമാണെന്നും മാർച്ച് ഒന്നിലെ ഉത്തരവിൽ പ്രത്യേക കോടതി ജഡ്ജി എസ്.ഇ.ബംഗാർ പറഞ്ഞിരുന്നു. അന്വേഷണം നിരീക്ഷിക്കുമെന്നും 30 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. വൻതോതിലുള്ള സാമ്പത്തിക തട്ടിപ്പ്, ചട്ടലംഘനം, അഴിമതി എന്നിവ ഉൾപ്പെടുന്ന പ്രതികൾ ചെയ്തതായി ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമ റിപ്പോർട്ടർ സപൻ ശ്രീവാസ്തവ നൽകിയ പരാതിയിലാണ് ഉത്തരവ്.
1992ലെ സെബി ആക്‌ട് പ്രകാരമുള്ള നിയമങ്ങളും ചട്ടങ്ങളും പാലിക്കാതെ, റെഗുലേറ്ററി അതോറിറ്റികളുടെ, പ്രത്യേകിച്ച് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ സജീവമായ ഒത്താശയോടെ 1994ൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ഒരു കമ്പനിയുടെ വഞ്ചനാപരമായ ലിസ്‌റ്റിങ് സംബന്ധിച്ചാണ് ആരോപണങ്ങൾ. ഈ ഉത്തരവിനെ വെല്ലുവിളിക്കാൻ ഉചിതമായ നിയമനടപടികൾ ആരംഭിക്കുമെന്നും എല്ലാ കാര്യങ്ങളിലും കൃത്യമായ ചട്ടങ്ങൾ ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും സെബി പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.