അഹ്മദാബാദ്: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ് 25 ദിവസമായിട്ടും എം.എൽ.എമാർ സത്യപ്രതിജ്ഞ ചെയ്തില്ല. ഇതേതുടർന്ന് ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ കൈപ്പറ്റാനാവാത്ത അവസ്ഥയിലാണിവർ. എന്നാൽ, സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മുഖ്യമന്ത്രിക്കോ മന്ത്രിമാർക്കോ ഇൗ പ്രശ്നം നേരിടേണ്ടിവരുന്നില്ല. ഡിസംബർ 18നാണ് നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. 26ന് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു.
എന്നാൽ, സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് ശമ്പളവും ആനകൂല്യവും വാങ്ങാനാവുമോ എന്നതിനെക്കുറിച്ച് തനിക്ക് വ്യക്തമായി അറിയില്ലെന്ന് നിയമസഭ സെക്രട്ടറി ഡി.എം. പേട്ടൽ പ്രതികരിച്ചു.
സത്യപ്രതിജ്ഞക്കുമുമ്പ് എം.എൽ.എമാർക്ക് ശമ്പളമോ ആനുകൂല്യമോ കൈപ്പറ്റാനാവില്ലെന്ന് ഗുജറാത്ത് നിയമസഭ മുൻ ഡെപ്യൂട്ടി സെക്രട്ടറി സബിർ മേമൻ പറഞ്ഞു. സത്യപ്രതിജ്ഞ കഴിഞ്ഞാലല്ലാതെ എംഎൽ.എ എന്നനിലയിൽ ഒപ്പിടാൻ പോലുമാവില്ലെന്ന് മൂന്നുതവണ എം.എൽ.എയായ കോൺഗ്രസ് നേതാവ് ശൈലേഷ് പാർമർ പറഞ്ഞു. ബി.ജെ.പി സർക്കാറിന് ലക്ഷ്യബോധമില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. 13ാം നിയമസഭയുടെ കാലാവധി ജനുവരി 22ന് അവസാനിക്കുന്നതിനാൽ പ്രോടേം സ്പീക്കറെ നിയോഗിച്ച് എം.എൽ.എമാരുടെ സത്യപ്രതിജ്ഞ ഉടൻ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് പീപ്ൾസ് യൂനിയൻ ഒാഫ് സിവിൽ ലിബർട്ടീസ് (പി.യു.സി.എൽ) നേതാവ് ഗൗതം താക്കർ ഗവർണർ ഒാംപ്രകാശ് കൊഹ്ലിക്ക് കത്തയച്ചു. അതേസമയം, എം.എൽ.എമാർ ജനുവരി 20ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.