കൊൽക്കത്തയിലെ ഡ്രൈ ഫുഡ് ഗോഡൗണിലെ തീപിടിത്തം; മൂന്ന് പേർ മരിച്ചു, ബാക്കിയുള്ളവർ ഇപ്പോഴും കാണാമറയത്ത്

കൊൽക്കത്ത: കൊൽക്കത്തയിലെ നരേന്ദ്രപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ആനന്ദപൂർ പ്രദേശത്തെ നസീറാബാദിലെ ഡ്രൈ ഫുഡ് ഗോഡൗണിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ വൻ തീപിടിത്തത്തിൽ മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ചു. പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. മണിക്കൂറുകളോളം തീ ആളിപ്പടർന്നു. ഏഴ് മണിക്കൂറിനുശേഷമാണ് തീ നിയന്ത്രണവിധേയമാക്കാനായത്.

ബരുയിപൂർ ജില്ലാ പൊലീസ് സൂപ്രണ്ട് ശുഭേന്ദ്ര കുമാർ പിന്നീട് മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ചു. എന്നാൽ മരിച്ചവരെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. പലരും അവരുടെ കുടുംബാംഗങ്ങളെ കാണാനില്ലെന്ന പരാതിയുമായി എത്തുന്നുണ്ട്. അതിനാൽ, മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് അധികൃതർ കരുതുന്നത്. നിരവധി തൊഴിലാളികൾ ഡ്യൂട്ടിയിലായിരുന്ന സമയത്താണ് തീപിടിത്തമുണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു.

പുലർച്ചെ മൂന്ന് മണിയോടെയാണ് മുന്നറിയിപ്പ് ലഭിച്ചതെന്നും ഉടൻ തന്നെ സ്ഥലത്തെത്തിയെന്നും അഗ്നിശമന സേന ഉദ്യോഗസ്ഥർ പറഞ്ഞു. ഗോഡൗണിൽ സൂക്ഷിച്ചിരുന്ന എല്ലാ സാധനങ്ങളും കത്തിനശിച്ചതായി അഗ്നിശമന സേന ഉദ്യോഗസ്ഥർ പറഞ്ഞു. നാശനഷ്ടത്തിന്റെ വ്യാപ്തി ഇതുവരെ വിലയിരുത്താനായിട്ടില്ല. ഗോഡൗണിന് പിന്നിലുള്ള റെസിഡൻഷ്യൽ കെട്ടിടത്തിലെ ആളുകളെ ഉടൻ ഒഴിപ്പിച്ചതായി ഒരു അഗ്നിശമന സേനാ ഉദ്യോഗസ്ഥൻ പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. 

Tags:    
News Summary - Three Killed In Massive Fire At Warehouse In Kolkata

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.