ന്യൂഡൽഹി: 2026 ലെ റിപ്പബ്ളിക്ക് ദിനത്തിന്‍റെ ഭാഗമായി പ്രഖ്യാപിച്ച പത്മപുരസ്കാരങ്ങളുടെ പട്ടികയിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് മികച്ച മേൽക്കോയ്മ. രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ച അഞ്ചിൽ മൂന്ന് പേരും കേരളത്തിൽ നിന്നുളളവരാണ് എന്നത് ദേശീയതലത്തിൽ പ്രത്യേക ശ്രദ്ധയും പിടിച്ച് പറ്റി.
സംസ്ഥാനത്തിന്റെ സാംസ്കാരിക-സാമൂഹിക-പൊതുജീവിത രംഗങ്ങളിലെ ദീർഘകാല സംഭാവനകൾക്ക് ലഭിച്ച അംഗീകാരമായാണ് പുരസ്കാരങ്ങൾ വിലയിരുത്തപ്പെടുന്നത്. മുൻ ജഡ്ജി കെ.ടി. തോമസ്, മുതിർന്ന ആർ.എസ്.എസ് മുതിർന്ന നേതാവ് പി. നാരായണൻ, അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ എന്നിവർക്കാണ് കേരളത്തിൽ പത്മവിഭൂഷൺ പുരസ്കാരം ലഭിച്ചത്.
പദ്മ പുരസ്കാരങ്ങളിൽ ഏറ്റവും കൂടുതൽ പുരസ്കാരം ലഭിച്ച സംസ്ഥാനങ്ങളുടെ പട്ടികയിൽ മഹാരാഷ്ട്രയാണ് മുന്നിൽ. ഒരു പത്മവിഭൂഷണും രണ്ട് പത്മഭൂഷണും ഉൾപ്പെടെ 15 പുരസ്കാരങ്ങളാണ്. പട്ടികയിൽ രണ്ടാം സ്ഥാനത്ത് തമിഴ്നാടാണ്. രണ്ട് പത്മഭൂഷൺ ഉൾപ്പെടെ 13 പുരസ്കാരങ്ങളാണ് ഉളളത്. ഉത്തർപ്രദേശിനും പശ്ചിമബംഗാളിനും 11 വീതമാണ് പുരസ്കാരങ്ങൾ.
മേഖലകൾ തിരിച്ച് നോക്കിയാൽ 131 പുരസ്കാരങ്ങളിൽ 40 എണ്ണവും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ്. കേരളത്തിലും തമിഴ്നാട്ടിലും കിഴക്കൻ സംസ്ഥാനങ്ങളായ പശ്ചിമബംഗാളിലും അസമിലും മാസങ്ങൾക്കുളളിൽ തെരഞ്ഞെടുപ്പ് നടക്കാൻ പോവുകയാണ്. അസമിൽ ശക്തമായ ബി.ജെ.പി സാന്നിധ്യം ഉണ്ടെങ്കിലും മറ്റ് മൂന്ന് സംസ്ഥാനങ്ങളിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ ബി.ജെ.പി കേന്ദ്ര നേതൃത്വം പതിറ്റാണ്ടുകളായി ചുവട് ഉറപ്പിക്കാനുളള ശ്രമങ്ങൾ നടത്തുന്നു. 2025 ൽ 36 പദ്മ പുരസ്കാരങ്ങളാണ് ദക്ഷിണേന്ത്യക്ക് ലഭിച്ചിരുന്നത്.
കേരളത്തിൽ എണ്ണവും ബഹുമതിയും ഉയർന്നു
കേരളത്തിന് ആകെ ലഭിച്ചത് എട്ട് പുരസ്കാരങ്ങളാണ്. കഴിഞ്ഞ വർഷം ലഭിച്ച അഞ്ച് പുരസ്കാരങ്ങളേ ഉണ്ടായിരുന്നുള്ളൂ. പത്മ പുരസകാരം ലഭിച്ച വി.എസ് അച്യുതാന്ദൻ 2006 മുതൽ 2011 വരെ മുഖ്യമന്ത്രിയായിരുന്നു.
'ജുഡീഷ്യൽ നയത്തിന് സംഭാവന നൽകുകയും പ്രധാന കമ്മിറ്റികളുടെ അധ്യക്ഷനാകുകയും നിയമ പരിഷ്കാരങ്ങൾക്ക് വേണ്ടി പോരാടുകയും ചെയ്ത മുൻ സുപ്രീം കോടതി ജഡ്ജിയാണ് കെ. ടി തോമസ്' എന്ന് സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.
ആർ.എസ്.എസ് മുതിർന്ന നേതാവ് പി. നാരായണനെ സാഹിത്യ വിദ്യാഭ്യാസ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയത്. സാമൂഹിക പരിഷ്കരണത്തിനും ദേശീയ പുനർനിർമാണത്തിനും വേണ്ടി സമർപ്പിതനായ പ്രമുഖ മലയാള പത്രപ്രവർത്തകൻ എന്ന് സർക്കാർ പത്രക്കുറിപ്പിൽ വിശേഷിപ്പിക്കുന്നു.
പ്രദേശിക പരിഗണനയല്ലെന്നും മെറിറ്റാണ് ഏക മാനദണ്ഡം എന്നാണ് കേന്ദ്ര സർക്കാർ ആവർത്തിച്ചു വ്യക്തമാക്കുന്നത്. എന്നാൽ, ദക്ഷിണേന്ത്യയ്ക്ക് ലഭിച്ച വലിയ പങ്കിനെക്കുറിച്ച് രാഷ്ട്രീയ തലത്തിൽ ചർച്ചകളും വിലയിരുത്തലുകളും ഉയരുന്നുണ്ട്. ഫെഡറൽ ബന്ധങ്ങൾ, കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ, മേഖലാ പ്രതിനിധാനം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് പുരസ്കാര പട്ടികയ്ക്ക് രാഷ്ട്രീയ വായനകളും ചിലർ മുന്നോട്ടുവയ്ക്കുന്നുണ്ട്. എന്നാൽ ഇത് വെറും യാദൃച്ഛികത മാത്രമാണെന്ന നിലപാടിലാണ് സർക്കാർ വൃത്തങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.