ബദരീനാഥ്, കേദാർനാഥ് ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്ക് വിലക്കേർപ്പെടുത്തും

ന്യൂഡല്‍ഹി: ഹിമാലയ സാനുക്കളില്‍ സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബദരീനാഥ്, കേദാര്‍നാഥ് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം ഹിന്ദുക്കള്‍ക്ക് മാത്രമായിരിക്കുമെന്ന് ക്ഷേത്ര ഭരണസമിതി. ചതുര്‍ധാം യാത്രയുടെ ഭാഗമായ ഈ രണ്ടുക്ഷേത്രങ്ങളിലും ഹിന്ദു ഇതര മതസ്ഥര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്താനാണ് ക്ഷേത്ര ഭരണസമിതിയുടെ തീരുമാനം.

ബദരീനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റിയുടെ കീഴിലുള്ള മറ്റ് ക്ഷേത്രങ്ങൾക്കും വിലക്ക് ബാധകമാക്കാനാണ് തീരുമാനമെന്ന് ബി.കെ.ടി.സി പ്രസിഡന്റ് ഹേമന്ത് ദ്വിവേദി പറഞ്ഞു. ദേവഭൂമിയിൽ മതപരവും സാംസ്‌കാരികവുമായ പാരമ്പര്യങ്ങൾ സംരക്ഷിക്കുന്നത് പരമപ്രധാനമാണെന്നും ഹേമന്ത് ദ്വിവേദി പറഞ്ഞു. ഇതോടെ ഏകദേശം 45 ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്ക് പ്രവേശനം ഉണ്ടാകില്ലെന്നാണ് റിപ്പോർട്ട്.

ഇതുസംബന്ധിച്ച നിര്‍ദ്ദേശം വരാനിരിക്കുന്ന ക്ഷേത്ര കമ്മിറ്റി ബോര്‍ഡ് യോഗത്തില്‍ പാസാക്കും. ആറ് മാസത്തെ ശീതകാല അവധിക്ക് ശേഷം ഏപ്രില്‍ 23-ന് ബദരീനാഥ് ക്ഷേത്രത്തിന്റെ നട തുറക്കും. കേദാര്‍നാഥ് ക്ഷേത്രത്തിന്റെ നട തുറക്കുന്ന തീയതി ശിവരാത്രി ദിനത്തില്‍ പ്രഖ്യാപിക്കും.

നേരത്തെ ഹരിദ്വാറിലെ ഗംഗാ തീരങ്ങളിലും പരിസര പ്രദേശങ്ങളിലും അഹിന്ദുക്കൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്താൻ നീക്കവുമായി ഉത്തരാഖണ്ഡ് സർക്കാർ രംഗത്തെത്തിയിരുന്നു. 2027ൽ നടക്കാനിരിക്കുന്ന അർധ കുംഭമേളക്ക് മുന്നോടിയായി ഹരിദ്വാറിനെയും ഋഷികേശിനെയും സനാതന പവിത്ര നഗരങ്ങളായി പ്രഖ്യാപിക്കാനും നീക്കമുണ്ട്. 

Tags:    
News Summary - Non-Hindus to be banned from Badrinath and Kedarnath temples

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.