ജയ്പൂർ: ഇന്ത്യൻ അഡ്മിനിസ്ട്രേറ്റിവ് സർവീസിൽ ഒന്നാം റാങ്ക് നേടിയത് അടക്കം ജീവിതത്തിലെ ഓരോ സംഭവങ്ങളിലും വാർത്തകളിൽ ഇടംനേടിയ ടീന ദാബിക്ക് സംഭവിച്ച അബദ്ധമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. റിപ്പബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ച് ദേശീയപതാക ഉയർത്തിയ ശേഷം ചെയ്ത സല്യൂട്ടിലാണ് ടീന ദാബിക്ക് അബദ്ധം സംഭവിച്ചത്. ബാർമറിലെ കലക്ടറേറ്റ് ഓഫിസിലാണ് സംഭവം.
കൊടിമരത്തിൽ ദേശീയ പതാക ഉയർത്തിയ ശേഷം തിരിഞ്ഞു നിന്ന ടീന ദേശീയ ഗാനത്തിന്‍റെ അകമ്പടിയിൽ സല്യൂട്ട് ചെയ്തത് തെറ്റായ ദിശയിലാണ്. ഉടൻ തന്നെ സമീപത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥൻ ടീനയോട് തിരിഞ്ഞ് നിൽക്കാൻ കൈ കൊണ്ട് ആഗ്യം കാണിച്ചു. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരും വിദ്യാർഥികളും അടക്കമുള്ളവർക്ക് നേരെ ടീന തിരിഞ്ഞു നിന്ന് സല്യൂട്ട് നൽകി.
അതേസമയം, ഔദ്യോഗിക പരിപാടിയിൽ ഐ.എ.എസ് ഉദ്യോഗസ്ഥക്ക് സംഭവിച്ച അബദ്ധത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 30 സെക്കൻഡ് മാത്രമുള്ള ദൃശ്യത്തെ കുറിച്ച് വ്യാപക കമന്‍റുകളാണ് സമൂഹ മാധ്യമങ്ങൾ വരുന്നത്. വൃത്തികെട്ട സല്യൂട്ട്, പ്രോട്ടോക്കോൾ ലംഘനം, 18 മണിക്കൂർ പഠിച്ചതിന് ശേഷം അടിസ്ഥാന കാര്യങ്ങൾ മറക്കുന്നു, നാണക്കേട്, യു.പി.എസ്.സി ടോപ്പർ ഐ.എ.എസ് ടീന ദാബി റിപ്പബ്ലിക് ദിനത്തിൽ പതാക ഉയർത്തുന്നു തുടങ്ങിയ അടിക്കുറിപ്പും വിഡിയോക്ക് ഉണ്ട്.
2015ലെ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റിവ് സർവിസിൽ ഒന്നാം റാങ്കുകാരിയായതോടെയാണ് ടീന ദാബി വാർത്തകളിൽ ഇടംനേടിയത്. ഐ.എസ്.എസ് റാങ്കിന് പിന്നാലെ ദാബിയുടെ ആദ്യ വിവാഹവും സമൂഹമാധ്യമങ്ങൾ ആഘോഷിച്ചതാണ്.
അന്നത്തെ രണ്ടാം റാങ്കുകാരൻ അത്താർ ഖാൻ ആയിരുന്നു ആദ്യ ഭർത്താവ്. 2018ൽ ഡൽഹിയിൽ നടന്ന ഇവരുടെ വിവാഹ സൽക്കാരത്തിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്ര മന്ത്രിമാർ, അന്നത്തെ ലോക്സഭ സ്പീക്കർ സുമിത്ര മഹാജൻ എന്നിവർ പങ്കെടുത്തിരുന്നു. പിന്നീട് ഇരുവരും വിവാഹമോചിതരായി.
2022ൽ ടീന ദാബി വീണ്ടും വിവാഹിതയായി. 2013 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ പ്രദീപ് ഗാവണ്ടേ ആയിരുന്നു വരൻ. ടീനയുടെ രണ്ടാം വിവാഹ വാർത്തക്കും വ്യാപക ശ്രദ്ധ ലഭിച്ചു. സിവിൽ സർവിസ് പരീക്ഷയിൽ ഒന്നാമതെത്തുന്ന ആദ്യ ദലിത് വിഭാഗക്കാരിയായ ടീന ദാബിക്ക് ഇൻസ്റ്റാഗ്രാമിൽ 14 ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.