തുടർച്ചയായ ഒമ്പതാം ബജറ്റ് അവതരിപ്പിക്കാൻ നിർമല സീതാരാമൻ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചത് ആര്?

ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ ഫെബ്രുവരി 1 ന് തന്റെ ഒമ്പതാം ബജറ്റ് അവതരിപ്പിക്കും. തുടർച്ചയായി ഒമ്പത് തവണ ബജറ്റ് അവതരിപ്പിച്ചതിന്റെ റെക്കോഡും അതോടെ അവരുടെ പേരിലാകും. അസ്ഥിരമായ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിൽ സാമ്പത്തിക വളർച്ചയെ ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള പരിഷ്കരണ നടപടികൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുൻ പ്രധാനമന്ത്രി മൊറാർജി ദേശായി വ്യത്യസ്ത കാലയളവുകളിലായി 10 ബജറ്റുകൾ അവതരിപ്പിച്ചിരുന്നു. 1959-1964 കാലയളവിൽ ധനമന്ത്രിയായിരുന്ന കാലത്ത് മൊറാർജി ദേശായി ആകെ ആറ് ബജറ്റുകളും 1967-1969 കാലയളവിൽ നാലു ബജറ്റുകളും അവതരിപ്പിച്ചു.

മുൻ ധനമന്ത്രിമാരായ പി. ചിദംബരവും പ്രണബ് മുഖർജിയും വ്യത്യസ്ത പ്രധാനമന്ത്രിമാരുടെ കീഴിൽ യഥാക്രമം ഒമ്പതും എട്ട് ബജറ്റുകളും അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ തുടർച്ചയായി ഒമ്പത് ബജറ്റുകൾ അവതരിപ്പിച്ചതിന്റെ റെക്കോർഡ് സീതാരാമൻ തുടർന്നും നിലനിർത്തും. 2019ലാണ് നിർമല സീതാരാമൻ ആദ്യമായി ധനമന്ത്രിയായി അധികാരമേറ്റത്. 2024 ൽ മോദി മൂന്നാം തവണയും അധികാരത്തിൽ വന്നപ്പോഴും ധനകാര്യ വകുപ്പ് നിർമല സീതാരാമന് തന്നെ നൽകി. 2024​ ഫെബ്രുവരിയിലെ ഇടക്കാല ബജറ്റ് ഉൾപ്പെടെ അവർ തുടർച്ചയായി എട്ട് ബജറ്റുകൾ അവതരിപ്പിച്ചു.ആർ.കെ ഷൺമുഖം ചെട്ടിയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത്. 1947 നവംബർ 26നായിരുന്നു അത്.

ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ചതിന്റെ റെക്കോർഡ് മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിക്കാണ്. പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെയും പിന്നീട് പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെയും കീഴിൽ ധനമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹം ആകെ 10 ബജറ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്.

1959 ഫെബ്രുവരി 28 ന് അദ്ദേഹം തന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചു. തുടർന്നുള്ള രണ്ട് വർഷങ്ങളിൽ പൂർണ ബജറ്റുകൾ അവതരിപ്പിച്ചു. തുടർന്ന് 1962ൽ ഒരു ഇടക്കാല ബജറ്റ് അവതരിപ്പിച്ചു. അതിനു പിന്നാലെ രണ്ട് പൂർണ ബജറ്റുകൾ അവതരിപ്പിച്ചു. നാല് വർഷത്തിന് ശേഷം 1967 ൽ മറ്റൊരു ഇടക്കാല ബജറ്റും തുടർന്ന് 1967, 1968, 1969 വർഷങ്ങളിൽ മൂന്ന് പൂർണ ബജറ്റുകളും അദ്ദേഹം അവതരിപ്പിച്ചു. ആകെ 10 ബജറ്റുകൾ അവതരിപ്പിച്ചു.

മുൻ ധനമന്ത്രി പി. ചിദംബരം ഒമ്പത് തവണ ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ഐക്യമുന്നണി സർക്കാറിന്റെ കാലത്ത് 1996 മാർച്ച് 19 നാണ് അദ്ദേഹം ആദ്യമായി ബജറ്റ് അവതരിപ്പിച്ചത്. അടുത്ത വർഷം അതേ സർക്കാറിന്റെ കീഴിൽ മറ്റൊരു ബജറ്റ് അവതരിപ്പിച്ചു.

2004 നും 2008 നും ഇടയിൽ അദ്ദേഹം അഞ്ച് ബജറ്റുകൾ അവതരിപ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രിയായി സേവനമനുഷ്ഠിച്ച ശേഷം അദ്ദേഹം വീണ്ടും ധനകാര്യ മന്ത്രാലയത്തിൽ തിരിച്ചെത്തി 2013 ലും 2014 ലും ബജറ്റുകൾ അവതരിപ്പിച്ചു.

ധനമന്ത്രിയായിരിക്കെ പ്രണബ് മുഖർജി എട്ട് ബജറ്റുകൾ അവതരിപ്പിച്ചു. കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സർക്കാറിൽ 1982, 1983, 1984 വർഷങ്ങളിൽ അദ്ദേഹം ബജറ്റ് അവതരിപ്പിച്ചു. 2009 ഫെബ്രുവരി മുതൽ 2012 മാർച്ച് വരെ തുടർച്ചയായി അഞ്ച് ബജറ്റുകളും അവതരിപ്പിച്ചു.

പി.വി. നരസിംഹറാവു സർക്കാറിൽ ധനമന്ത്രിയായിരിക്കെ 1991നും 1995നും ഇടയിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് തുടർച്ചയായി അഞ്ച് ബജറ്റുകൾ അവതരിപ്പിച്ചു.

ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗം: 2020 ഫെബ്രുവരി 1 ന് രണ്ട് മണിക്കൂറും 40 മിനിറ്റും നീണ്ടുനിന്ന ബജറ്റ് പ്രസംഗത്തിലൂടെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗത്തിനുള്ള റെക്കോർഡ് നിർമല സീതാരാമൻ സ്വന്തമാക്കി. ആ സമയത്ത് രണ്ട് പേജുകൾ ബാക്കി നിൽക്കെ അവർ പ്രസംഗം ചുരുക്കുകയായിരുന്നു

ഏറ്റവും ചെറിയ ബജറ്റ് പ്രസംഗം: 1977 ൽ ഹിരുഭായ് മുൽജിഭായ് പട്ടേലിന്റെ ഇടക്കാല ബജറ്റ് പ്രസംഗം ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ചെറുതാണ്. വെറും 800 വാക്കുകൾ മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗത്തിൽ ഉണ്ടായിരുന്നത്.

Tags:    
News Summary - Nirmala Sitharaman to make history with 9th consecutive budget

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.