അശ്ലീല ഉള്ളടക്കം: എക്സിന് ഐ.ടി മന്ത്രാലയത്തിന്റെ നോട്ടീസ്

ന്യൂഡൽഹി: അശ്ലീല ഉള്ളടക്കം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിന് നോട്ടീസ് അയച്ചു. ഇലോൺ മസ്കിന്റെ എ.ഐ ചാറ്റ്ബോട്ടായ ഗ്രോക്ക് ഉപയോഗിച്ച് ലൈംഗിക ഉള്ളടക്കം സൃഷ്ടിക്കുന്നത് വ്യാപകമായതിനെ തുടർന്നാണ് നടപടി.

സ്ത്രീകളുടെയും കുട്ടികളുടെയും അശ്ലീല ചിത്രങ്ങളും വിഡിയോകളും സൃഷ്ടിച്ച് വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച് പ്രസിദ്ധീകരിക്കുന്നതിനും പങ്കിടുന്നതിനും ഗ്രോക്ക് എ.ഐയുടെ സേവനം ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് ഇന്ത്യ ഓപ്പറേഷന്റെ എക്‌സിന്റെ ചീഫ് കംപ്ലയൻസ് ഓഫീസർക്ക് അയച്ച കത്തിൽ മന്ത്രാലയം വ്യക്തമാക്കി. ലൈം​ഗിക ചുവയുള്ള രീതിയിൽ കുട്ടികളുടെയടക്കം ചിത്രങ്ങൾ എ.ഐ എഡിറ്റ് ചെയ്തിട്ടും അത് നിയന്ത്രിക്കാനോ നീക്കം ചെയ്യാൻ എക്സ് ഒരു ശ്രമം നടത്തിയിരുന്നില്ല.

എ.ഐ ദുരുപയോ​ഗത്തിനെതിരെ വ്യാപക വിമ‌ർശനം ഉയരുന്നതിനിടെയാണ് കേന്ദ്രത്തിന്റെ നീക്കം. എഴുപത്തിരണ്ട് മണിക്കൂറിനകം നടപടിയെടുത്ത് മറുപടി നൽകണമെന്നാണ് നി‌ർദേശം. അല്ലാത്തപക്ഷം നിയപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകി.

2000ലെ ഇൻഫർമേഷൻ ടെക്നോളജി ആക്ടും 2021ലെ ഐ.ടി നിയമങ്ങളും പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം എക്സിന് നോട്ടീസ് നൽകിയത്. സ്ത്രീകളെ ലക്ഷ്യം വെച്ചുള്ള അശ്ലീലവും ലൈംഗികതയും പ്രകടമാക്കുന്നതുമായ ഉള്ളടക്കം സൃഷ്ടിക്കുന്നതിനും പങ്കിടുന്നതിനും എക്‌സിന്റെ എ.ഐ സേവനമായ ​ഗ്രോക് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന റിപ്പോർട്ടുകളിൽ മന്ത്രാലയം കടുത്ത ആശങ്ക പ്രകടിപ്പിച്ചു.

​ഗ്രോക് ഉപയോ​ഗിച്ച് ഉപയോക്താക്കൾ സൃഷ്ടിക്കുന്ന ഉള്ളടക്കത്തിൽ അവഹേളിക്കുന്ന രീതിയിൽ സ്വകാര്യതയും അന്തസ്സും ലംഘിച്ചുവെന്ന് കത്തിൽ പറയുന്നുണ്ട്. നിയമവിരുദ്ധമായ ഉള്ളടക്കം സൃഷ്ടിക്കുന്നത് തടയുന്നതിനായി ഗ്രോക്കിന്റെ സാങ്കേതിക, ഭരണ ചട്ടക്കൂടുകളുടെ സമഗ്രമായ അവലോകനം നടത്താൻ മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. തെളിവുകൾ നശിപ്പിക്കാതെ കുറ്റകരമായ ഉള്ളടക്കങ്ങൾ ഉടനടി നീക്കം ചെയ്യണമെന്നും എക്സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    
News Summary - govt directs x to remove all obscene unlawful content

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.