അരവിന്ദ് കെജ്രിവാൾ (ഫയൽ ചിത്രം)

മുഖ്യമന്ത്രിയുടെ ചുമതലയില്ല, കേസന്വേഷണത്തിൽ അഭിപ്രായ പ്രകടനം പാടില്ല; കെജ്രിവാളിന്റെ ജാമ്യ വ്യവസ്ഥകളിങ്ങനെ

ന്യൂഡൽഹി: ഡൽഹി മ​ദ്യ​ന​യവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേ​സി​ൽ ഇ.ഡി അറസ്റ്റ് ചെയ്ത് തി​ഹാ​ർ ജ​യി​ലിലടച്ച ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അരവിന്ദ് കെജ്രിവാളിന് കർശന ഉപാധികളോടെയാണ് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ജൂൺ ഒന്നുവരെ 21 ദിവസത്തേക്കാണ് കെജ്രിവാളിന് കോടതി ജാമ്യം അനുവദിച്ചത്. ജൂൺ രണ്ടിന് തിരികെ തിഹാർ ജയിലിലെത്തണം. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കാമെങ്കിലും ഔദ്യോഗിക ചുമതലകളിൽനിന്ന് മാറി നിൽക്കണമെന്നാണ് കോടതിയുടെ നിർദേശം. കെജ്രിവാളിന്റെ പ്രധാന ജാമ്യ വ്യവസ്ഥകളാണ് ചുവടെ പറയുന്നത്.

  • മുഖ്യമന്ത്രിയുടെ ചുമതലയില്ല: ജാമ്യം നേടി പുറത്തിറങ്ങുന്ന കാലയളവിൽ ഡൽഹി മുഖ്യമന്ത്രിയുടേതായ യാതൊരു ചുമതലയും കെജ്രിവാളിനില്ല. മുഖ്യമന്ത്രിയുടെ ഓഫീസോ ഡൽഹി സെക്രട്ടറിയേറ്റോ സന്ദർശിക്കരുത്.
  • മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണത്തെക്കുറിച്ച് അഭിപ്രായ പ്രകടനം പാടില്ല: ഡൽഹി മദ്യനയ അഴിമതിയിൽ തനിക്കുള്ള പങ്കിനേക്കുറിച്ചോ കേസുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളോ കെജ്രിവാളിന് പങ്കുവെക്കാനാകില്ല. കേസന്വേഷണവുമായി ബന്ധപ്പെട്ട് അഭിപ്രായ പ്രകടനം നടത്താൻ അനുമതിയില്ല.
  • കേസുമായി ബന്ധപ്പെട്ട സാക്ഷികളുമായി ആശയവിനിമയം നടത്താനോ കേസ് ഫയലുകൾ കാണാനോ അനുമതിയില്ല.
  • 50,000 രൂപ കെട്ടിവെക്കണം: തിഹാർ ജയിലിൽനിന്ന് ഇറങ്ങുമ്പോൾ 50,000 രൂപ ജാമ്യത്തുകയായി കെട്ടിവെക്കണം.
  • ഔദ്യോഗിക രേഖകളിൽ ഒപ്പിടരുത്: മുഖ്യമന്ത്രിയാണെങ്കിലും ഔദ്യോഗിക രേഖകളിൽ ഒപ്പിടാൻ കെജ്രിവാളിന് അനുമതിയില്ല. എന്നാൽ അടിയന്തര പ്രാധാന്യമുള്ള, ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ അനുമതിക്കായി അയക്കേണ്ട ഫയലുകളിൽ ഒപ്പിടാം.

കെജ്രിവാളിനെതിരെ ഇ.ഡി വലിയ കുറ്റങ്ങൾ ആരോപിക്കുന്നുണ്ടെങ്കിലും കുറ്റക്കാരനാണെന്നു തെളിയിക്കാനായിട്ടില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. ജാമ്യം അനുവദിക്കരുതെന്ന് ഇ.ഡി വാദിച്ചെങ്കിലും 21 ദിവസം കൊണ്ട് ഒന്നും മാറാൻ പോകുന്നില്ലെന്നായിരുന്നു കോടതിയുടെ മറുപടി. ക്രിമിനൽ പശ്ചാത്തലമൊന്നുമില്ലാത്ത കെജ്രിവാളിന് ജാമ്യം അനുവദിക്കുന്നതിൽ തെറ്റില്ലെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാമെന്നും കോടതി വ്യക്തമാക്കി.

മേയ് 25നാണ് ഡൽഹിയിൽ പൊതു തെരഞ്ഞെടുപ്പ്. ആം ആദ്മി പാർട്ടിക്ക് വലിയ സ്വാധീനമുള്ള പഞ്ചാബിൽ ജൂൺ ഒന്നിന് അവസാന ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ്. 

Tags:    
News Summary - For Arvind Kejriwal, interim bail dos and don’ts from Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.