തീപിടിത്തം: ഡൽഹിയിൽ ആറ് വർഷത്തിനിടെ മരിച്ചത് 543 പേർ

ന്യൂഡൽഹി: ആറ് വർഷത്തിനിടെ ഡൽഹിയിൽ തീപിടിത്തവുമായി ബന്ധപ്പെട്ട അപകടങ്ങളിൽ ജീവഹാനി സംഭവിച്ചത് 543 പേർക്ക്. ബുധനാഴ്ച സൗത്ത് ഡൽഹിയിലെ മാളവ്യ നഗറിൽ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ വിദേശികൾ അടക്കം 21 പേർക്കാണ് ജീവഹാനി സംഭവിച്ചത്. മറ്റു 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

വിവേക് വാഹർ, പാലം എന്നിവിടങ്ങളിൽ അടുത്തിടെയുണ്ടായ അഗ്നിബാധകളിൽ 18 പേർ വെന്തുമരിക്കുകുയുണ്ടായി. 2025 - 26 ൽ മരണസംഖ്യ 84 ആയിരുന്നപ്പോൾ, 2024-25ൽ 90ഉം, 2023-24ൽ 77ഉം പേർ മരിച്ചെന്നാണ് അഗ്നിശമന സേനയുടെ കണക്കുകൾ കാണിക്കുന്നത്. 2026ന്‍റെ ആദ്യ പകുതിയിൽ മാത്രം വിവിധയിടങ്ങളിലുണ്ടായ അഗ്നിബാധയിൽ 65 പേർ മരിച്ചു.

അഗ്നിശമന സേനക്ക് ലഭിക്കുന്ന അടിയന്തര കാളുകളുടെ എണ്ണത്തിലും ഗണ്യമായ വർധന ഉണ്ടെന്നാണ് കണക്ക്. 1997ലെ ഉപഹാർ ദുരന്തത്തിൽ 59 പേർ മരിച്ച സംഭവത്തിന് ശേഷം ഡൽഹിയിൽ ഏറ്റവും കൂടുതൽ മരണം സംഭവിച്ച അഗ്നിബാധ 2019-20ൽ അനാജ് മണ്ഡിയിലായിരുന്നു. 2019 മുതൽ 2025 വരെയുള്ള കണക്ക് പ്രകാരം തീപിടിത്ത സംഭവങ്ങളിൽ 4403 പേർക്കാണ് പൊള്ളലേറ്റത്.

തീപിടിച്ച ഹോട്ടൽ ഉടമ വ്യാജ പാസ്‍പോർട്ട് കേസിലെ പ്രതി

ന്യൂഡൽഹി: ബുധനാഴ്ച 21 പേരുടെ മരണത്തിനിടയാക്കിയ മാളവ്യ നഗർ തീപിടിത്തത്തെ തുടർന്ന് അറസ്റ്റിലായ ഹോട്ടൽ ഉടമ ഇതിന് മുമ്പും പൊലീസിന്‍റെ പിടിയിലായ വ്യക്തിയാണ്. ബംഗ്ലാദേശി പൗരന്മാർക്ക് വ്യാജ പാസ്‍പോർട്ട് ഉണ്ടാക്കി നൽകിയതുമായി ബന്ധപ്പെട്ട കേസിലാണ് ലവ്‍കേശ് ബജാജ് എന്ന 60കാരൻ പിടിയിലായത്. കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചെങ്കിലും, തീഹാർ ജയിലിൽ 15 ദിവസം കഴിഞ്ഞ അയാൾക്ക് കോടതി ജാമ്യം നൽകി.

ബുധനാഴ്ചത്തെ തീപിടിത്തത്തെ തുടർന്ന് പിറ്റേദിവസം അസിസ്റ്റന്‍റ് പൊലീസ് കമീഷണർ റിത്തു രാജിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഹോട്ടലിലെ പാചകക്കാരനെ ശനിയാഴ്ച അറസ്റ്റ് ചെയ്തു. 55കാരനായ കേശവ് നേഗിയാണ് പിടിയിലായത്. ഇയാളുടെ ഭാഗത്തുനിന്നുണ്ടായ ശ്രദ്ധക്കുറവാണ് തീപിടിത്തത്തിന് ഇടയാക്കിയതെന്നാണ് പൊലീസിന്‍റെ നിഗമനം. ഒളിവിലുള്ള ഹോട്ടൽ മാനേജരെയും അക്കൗണ്ടന്‍റിനെയും കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കി.

Tags:    
News Summary - Fire: 543 people died in Delhi in six years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.