ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സമരം കടുപ്പിക്കുമെന്ന് കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി). അതിനിടെ, സമരസ്ഥലത്ത് വർഗീയമോ വിദ്വേഷപരമോ ആയ മുദ്രാവാക്യങ്ങൾ ഉയർത്താൻ അനുവദിക്കില്ലെന്ന് സി.ജെ.പി അറിയിച്ചു. ‘ഭാരത് മാതാ കി ജയ്’, ‘ഇങ്ക്വിലാബ് സിന്ദാബാദ്’, ‘ജയ് ഭീം’, ‘ധർമേന്ദ്ര പ്രധാൻ രാജിവെക്കുക’ എന്നീ നാല് മുദ്രാവാക്യങ്ങൾക്ക് മാത്രമാണ് അനുമതി.
അതേസമയം, മന്ത്രി രാജിവെക്കാതെ സമരരംഗത്തുനിന്നും പിന്നോട്ടില്ലെന്ന് സി.ജെ.പി കൺവീനർ അഭിജീത് ദിപ്കെ ആവർത്തിച്ചു. ജൂലൈ 20ന് നടന്ന പാർലമെന്റ് മാർച്ച് വെറുമൊരു ട്രെയിലർ മാത്രമാണെന്നും ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ദശലക്ഷക്കണക്കിന് യുവാക്കൾ ഡൽഹിയിലേക്ക് ഒഴുകിയെത്തുമെന്നും സി.ജെ.പി നേതാക്കൾ വ്യക്തമാക്കി.
അതിനിടെ, സമരം അവസാനിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ ചർച്ചക്ക് മുന്നോട്ടുവന്നെങ്കിലും വേദി സംബന്ധിച്ച അഭിപ്രായവ്യത്യാസത്തെ തുടർന്ന് നടന്നില്ല. കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡയാണ് ഡൽഹി പൊലീസ് മുഖാന്തരം ചർച്ചക്ക് സന്നദ്ധത അറിയിച്ചത്. ആരുടെയും ഓഫിസിലോ വീട്ടിലോ ചർച്ചക്ക് പോകില്ലെന്നും സമരവേദിയിലോ സമീപത്തെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബിലോ ചർച്ചയാകാമെന്നുമാണ് സി.ജെ.പി നിലപാട്.
തിങ്കളാഴ്ച നഡ്ഡ ക്ഷണിച്ചതിനെ തുടർന്ന് സി.ജെ.പി നേതാക്കൾ അദ്ദേഹത്തെ സന്ദർശിച്ച സമയത്താണ് പൊലീസ് സമരവേദി പൊളിച്ചത്. ഇത് ആവർത്തിക്കാൻ അനുവദിക്കില്ലെന്ന് സി.ജെ.പി നേതാവ് സൗരവ് ദാസ് വ്യക്തമാക്കി. തിങ്കളാഴ്ചത്തെ സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസ് ആറ് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിദ്യാർഥികൾക്ക് നിയമസഹായം നൽകാനും തെളിവുകൾ ശേഖരിക്കാനുമായി ഹെൽപ് ലൈൻ നമ്പർ ആരംഭിക്കാൻ സി.ജെ.പി തീരുമാനിച്ചു. പരിക്കേറ്റ പൊലീസുകാരുടെയും വിദ്യാർഥികളുടെയും വിവരങ്ങൾ പരസ്യപ്പെടുത്തണമെന്ന് രാജ്യസഭ എം.പിയും സുപ്രീംകോടതി അഭിഭാഷകനുമായ കപിൽ സിബൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.