ന്യൂഡൽഹി: പൊലീസ് നരനായാട്ടിൽനിന്ന് രക്ഷതേടി ഓടിയ വിദ്യാർഥികൾക്കും യുവാക്കൾക്കും സഹായഹസ്തവുമായി വാതിലുകൾ തുറന്നിട്ട് ഡൽഹിയിലെ സിഖ് ഗുരുദ്വാരകൾ. ചോദ്യപേപ്പർ ചോർച്ചക്കെതിരെ നീതി തേടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഡൽഹിയിലെത്തിയ വിദ്യാർഥികൾക്കും യുവാക്കൾക്കുമാണ് ബംഗ്ലാ സാഹിബ് ഉൾപ്പെടെയുള്ള പ്രമുഖ ഗുരുദ്വാരകൾ സുരക്ഷിത താവളമൊരുക്കിയിരിക്കുന്നത്.
ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന പ്രക്ഷോഭത്തിനുനേരെ തിങ്കളാഴ്ച പൊലീസ് നടത്തിയ അതിക്രമത്തിൽ 100ലധികം പേർക്ക് പരിക്കേറ്റിരുന്നു. ഇതിനുപിന്നാലെ ജന്തർ മന്തറിലെ പ്രതിഷേധക്കാരുടെ താൽക്കാലിക ടെന്റുകൾ പൊലീസ് പൊളിച്ചുമാറ്റുകയും ചെയ്തു.
ഇതോടെ കനത്ത മഴയും പൊലീസിന്റെ നരനായാട്ടും മൂലം ബുദ്ധിമുട്ടിയ വിദ്യാർഥികൾക്ക് ആശ്വാസമായത് ബംഗ്ലാ സാഹിബ്, റകാബ് ഗഞ്ച് സാഹിബ്, സിസ് ഗഞ്ച് സാഹിബ് തുടങ്ങിയ ഡൽഹിയിലെ ഗുരുദ്വാരകളാണ്. പരിക്കേറ്റവർക്ക് അടിയന്തര പ്രഥമശുശ്രൂഷ നൽകാനും വിശ്രമിക്കാൻ വിരിപ്പുകളും വിശപ്പകറ്റാൻ ലംഗാർ അടുക്കളകളിൽ നിന്ന് ഭക്ഷണവും ചായയും നൽകാനും ഗുരുദ്വാരയിലെ സന്നദ്ധപ്രവർത്തകർ സജീവമായി രംഗത്തുണ്ട്. പ്രതിഷേധം നടക്കുന്ന സ്ഥലത്ത് പൊലീസ് വീണ്ടുമെത്തി ടെന്റുകൾ നശിപ്പിക്കുമോ എന്ന ഭയം കാരണം ജന്തർ മന്തറിൽ തന്നെ തുടരുന്നവർക്കായി ഡൽഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റിയും ഹേംകുന്ത് ഫൗണ്ടേഷൻ തുടങ്ങിയ സന്നദ്ധ സംഘടനകളും ചേർന്ന് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. കൂടാതെ, മാൻ സിങ് റോഡിലെ മസ്ജിദ് ഉൾപ്പെടെയുള്ള മറ്റ് ആരാധനാലയങ്ങളും കുടിവെള്ളവും ശുചിമുറി സൗകര്യങ്ങളും നൽകി സമരക്കാർക്ക് പിന്തുണയുമായി രംഗത്തുണ്ട്.
ഭക്ഷണപ്പൊതിയുമായി വിദ്യാർഥികൾ
ന്യൂഡൽഹി: ബുധനാഴ്ച സമരപ്പന്തലിലേക്ക് എത്തിയ മിക്കവരുടെയും കൈയിൽ ഓരോ പൊതി കാണാമായിരുന്നു. സമരം ചെയ്യുന്നവർക്ക് വീടുകളിൽ നിന്ന് ഉണ്ടാക്കിക്കൊണ്ടുവന്ന ഭക്ഷണമായിരുന്നു അത്. ആരുടെയും ആഹ്വാനമില്ലാതെ, സ്വന്തം ഇഷ്ടപ്രകാരമാണ് ഭക്ഷണം എത്തിച്ചുനൽകിയത്. ആവശ്യത്തിലധികം ഭക്ഷണം എത്തിയതോടെ ഇനി ആരും ഭക്ഷണം കൊണ്ടുവരരുതെന്ന് സമൂഹമാധ്യമങ്ങളിലൂടെ അഭ്യർഥിക്കാൻ ഒടുവിൽ സംഘാടകർ നിർബന്ധിതരായി. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി സമരസ്ഥലത്തേക്ക് ഭക്ഷണം ഓർഡർ ചെയ്തത് വലിയ ശ്രദ്ധ നേടിയിരുന്നു. ഭക്ഷണം കുന്നുകൂടിയതോടെ അന്നും കൂടുതൽ ഓർഡറുകൾ നൽകരുതെന്ന് സംഘാടകർ അഭ്യർഥിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.