സോനം വാങ്ചുക്കിനെ സന്ദർശിക്കാൻ ഗുഡ്ഗാവിലെ മെദാന്ത ആശുപത്രിയിലെത്തിയ പ്രതിപക്ഷ എം.പിമാർ, അദ്ദേഹത്തിന്റെ ഭാര്യ ഗീതാഞ്ജലി അങ്മോക്ക് കത്ത് കൈമാറുന്നു
ന്യൂഡൽഹി: നീറ്റ് ചോദ്യച്ചോർച്ചക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ടും നിരാഹാര സമരം തുടരുന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിനെ ആശുപത്രിയിൽ സന്ദർശിച്ച് പ്രതിപക്ഷ എം.പിമാർ. ഗുഡ്ഗാവിലെ മെദാന്ത ആശുപത്രിയിലെത്തിയ 15 എം.പിമാർ, ആരോഗ്യപരമായ കാരണങ്ങൾ പരിഗണിച്ച് നിരാഹാര സമരം അവസാനിപ്പിക്കണമെന്ന് അദ്ദേഹത്തോട് അഭ്യർഥിച്ചു.
പ്രതിപക്ഷ പാർട്ടികളിലെ യുവ എം.പിമാരും രാജ്യസഭ എം.പി സഞ്ജയ് സിങ്ങും ഉൾപ്പെട്ട സംഘമാണ് വാങ്ചുക്കിനെ സന്ദർശിച്ചത്. ആം ആദ്മി പാർട്ടി, രാഷ്ട്രീയ ജനതാദൾ, സി.പി.ഐ, ജാർഖണ്ഡ് മുക്തി മോർച്ച തുടങ്ങിയ പാർട്ടികളിലെ നേതാക്കളും സംഘത്തിലുണ്ടായിരുന്നു.
പ്രതിപക്ഷ എം.പിമാർ വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി അങ്മോക്ക് കൈമാറിയ കത്തിൽ, അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ അറിയിച്ചു. ‘ഈ നിർണായക ഘട്ടത്തിൽ, നിങ്ങളുടെ അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിക്കണമെന്ന് ആത്മാർഥമായി അഭ്യർഥിക്കുന്നു. വിദ്യാഭ്യാസ സംവിധാനത്തിലെ പരിഷ്‌കരണത്തിനായുള്ള നിങ്ങളുടെ സന്ദേശം രാജ്യത്തുടനീളം കേൾക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്’ -കത്തിൽ പറയുന്നു.
‘ഈ പോരാട്ടം, ഒരു വിഷയത്തിൽ മാത്രം ഒതുങ്ങുന്നതല്ല. നമ്മുടെ കുട്ടികളുടെ ഭാവിക്ക് ശക്തവും ബോധവത്കൃതവും നീതിയുക്തവുമായ ഇന്ത്യയെ രൂപപ്പെടുത്തേണ്ട അടിസ്ഥാന മൂല്യങ്ങൾക്കുമായുള്ള പോരാട്ടമാണിത്. രാജ്യത്തിന് നിങ്ങളെ ആവശ്യമുണ്ട്. സോനം വാങ്ചുക്കിന്റെ മാർഗനിർദേശവും അറിവും രാജ്യത്തിന്, പ്രത്യേകിച്ച് അദ്ദേഹത്തെ പ്രചോദനമായി കാണുന്ന യുവജനങ്ങൾക്ക്, ഏറെ ആവശ്യമാണ്’ -എം.പിമാർ ചൂണ്ടിക്കാട്ടി.
‘നിങ്ങളുടെ ത്യാഗത്തേക്കാൾ കൂടുതൽ, രാജ്യത്തിനും പ്രത്യേകിച്ച് യുവജനങ്ങൾക്കും നിങ്ങളുടെ അറിവും മാർഗനിർദേശവുമാണ് ആവശ്യം. ലഡാക്കിന് സോനം വാങ്ചുക്ക് എങ്ങനെയാണോ, അതുപോലെ ഇന്ത്യക്കും നിങ്ങളെ ആവശ്യമുണ്ട്. വരും തലമുറകൾക്ക് പ്രയോജനം ചെയ്യുന്ന ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കാൻ, വേദന അനുഭവിക്കുന്ന നിലയിൽ അല്ല, സേവനത്തിന്റെ വഴിയിലാണ് നിങ്ങളെ രാജ്യം ആവശ്യപ്പെടുന്നത്’ - കത്തിൽ കൂട്ടിച്ചേർത്തു.
അതേസമയം, ഡൽഹിയിൽ പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്ന സി.ജെ.പിയും (കോക്രോച്ച് ജനത പാർട്ടി) വാങ്ചുക്കിനോട് നിരാഹാര സമരം അവസാനിപ്പിക്കണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്.
ജൂൺ 28 മുതലാണ് സോനം വാങ്ചുക്ക് നിരാഹാര സമരം തുടങ്ങിയത്. സമരം തുടർന്നതോടെ ആരോഗ്യസ്ഥിതി മോശമാവുകയും, സമരത്തെ അവഗണിക്കുന്ന കേന്ദ്ര സർക്കാറിനെതിരെ വ്യാപക വിമർശനം ഉയരുകയും ചെയ്തു. ഇതോടെ ജൂലൈ 18 ന് ഡൽഹി പൊലീസ് നാടകീയ നീക്കത്തിലൂടെ അദ്ദേഹത്തെ സമരപ്പന്തലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ, ആശുപത്രിയിലും അദ്ദേഹം സമരം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.