വിദ്യാർഥികളെ അടിച്ചമർത്തരുത്; ഉറപ്പുലഭിച്ചാൽ നിരാഹാരം അവസാനിപ്പിക്കാം -വിഡിയോ സന്ദേശവുമായി സോനം വാങ്ചുക്

ന്യൂഡൽഹി: സി.ജെ.പി സമരം അടിച്ചമർത്താൻ വിദ്യാർഥികൾക്കെതിരെ ബലപ്രയോഗം നടത്തുന്നതും കേസെടുക്കുന്നതും ഒഴിവാക്കുമെന്ന് ഉറപ്പുലഭിച്ചാൽ ഉപവാസം അവസാനിപ്പിക്കാൻ തയാറാണെന്ന് സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്. 25 ദിവസമായി തുടരുന്ന ഉപവാസത്തിൽ 11 കിലോയോളം ഭാരം കുറഞ്ഞുവെന്നും എന്നാൽ, ഇപ്പോഴും ആരോഗ്യവാനാണെന്നും വിഡിയോ സന്ദേശത്തിലൂടെ അദ്ദേഹം വ്യക്തമാക്കി. ഡൽഹി സഫ്ദർജങ് ആശുപത്രിയിൽനിന്ന് ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ ശേഷമാണ് വാങ്ചുകിന്റെ എക്സ് പ്ലാറ്റ്ഫോമിലൂടെ സന്ദേശം പുറത്തുവിട്ടത്.

പൊലീസിന്റെ ക്രൂരമായ ലാത്തിച്ചാർജ് ഉണ്ടായിട്ടും പ്രകോപനങ്ങളിൽ വീഴാതെ തികഞ്ഞ ആത്മസംയമനം പാലിച്ച വിദ്യാർഥികളെ അദ്ദേഹം അഭിനന്ദിച്ചു. വിദ്യാർഥികൾക്ക് നേരെ ചിലർ പ്രകോപനപരമായ സമീപനം നടത്തിയിട്ടും അവർ സമാധാനപരമായി തന്നെ നിലകൊണ്ടു. ഇങ്ങനെ ക്രൂരമായി അടിച്ചമർത്തുന്നത് കണ്ടതോടെയാണ് ഉപവാസം തുടരാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഭരണകക്ഷിയിലെ മന്ത്രിമാർ ഉൾപ്പെടെ നിരവധി രാഷ്ട്രീയ നേതാക്കളും 65ഓളം എം.പിമാരും ഉപവാസം അവസാനിപ്പിക്കണമെന്നും രാജ്യസേവനത്തിലേക്ക് മടങ്ങിയെത്തണമെന്നും നേരിട്ട് അഭ്യർഥിച്ചിട്ടുണ്ട്. രാജ്യസേവനത്തിലേക്ക് മടങ്ങാൻ താനും ആഗ്രഹിക്കുന്നുണ്ട്. എന്നാൽ വിദ്യാർഥികൾക്കെതിരെ ബലപ്രയോഗം നടത്തരുത് എന്ന പ്രധാന ആവശ്യം സർക്കാറിന് മുന്നിൽ വെക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പൊലീസിനെയോ ക്രിമിനൽ നിതി ന്യായ വ്യവസ്ഥയെയോ ഉപയോഗിച്ച് വിദ്യാർഥികളെ ഉപദ്രവിക്കില്ലെന്നും എഫ്.ഐ.ആറോ മറ്റു നിയമനടപടികളോ സ്വീകരിക്കില്ലെന്നും ഉറപ്പുനൽകിയാൽ ഭരണനേതാക്കളുടെയും മറ്റും അഭ്യർഥന മാനിച്ച് ഇന്നുതന്നെ സമരം അവസാനിപ്പിക്കും. അല്ലാത്തപക്ഷം ഉപവാസ സമരം തുടർന്നുപോകാൻ താൻ നിർബന്ധിതനാകുമെന്നും വാങ്ചുക് കൂട്ടിച്ചേർത്തു.

ജൂൺ 28 മുതലാണ് സോനം വാങ്ചുക്ക് നിരാഹാര സമരം തുടങ്ങിയത്. സമരം തുടർന്നതോടെ  ആരോഗ്യസ്ഥിതി മോശമാവുകയും, സമരത്തെ അവഗണിക്കുന്ന കേന്ദ്ര സർക്കറിനെതിരെ വ്യാപക വിമർശനം ഉയരുകയും ചെയ്തതോടെ ജൂലൈ 18ന് ഡൽഹി പൊലീസ് നാടകീയ നീക്കത്തിലൂടെ അദ്ദേഹത്തെ സമരപ്പന്തലിൽ നിന്ന് ആശുപത്രിയിലേക്ക് നീക്കുകയായിരുന്നു. എന്നാൽ, ആശുപത്രിയിലും അദ്ദേഹം സമരം തുടരുകയാണ്. 

Tags:    
News Summary - Don't oppress students; We can end the hunger strike if we get assurances - Sonam Wangchuk with a video message

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.