ഡൽഹിയിൽ പ്രതിഷേധ പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായപ്പോൾ
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യമുന്നയിച്ച് ഡൽഹിയിൽ സി.ജെ.പി തുടരുന്ന പ്രതിഷേധത്തിനിടെ രാത്രിയിലും സംഘർഷം. സൻസദ് മാർഗ് ഭാഗത്ത് പ്രതിഷേധക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി.
സൻസദ് മാർഗിലേക്ക് നീങ്ങിയ പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ സുരക്ഷാ സേന കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിക്കുകയായിരുന്നു. എന്നാൽ, പൊലീസിനു നേരെ കല്ലേറുണ്ടായതിനെ തുടർന്നാണ് കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. പ്രധാന റോഡിലൂടെ നീങ്ങിയ പ്രതിഷേധ പ്രവർത്തകരെ പിന്തുടർന്നാണ് കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചത്.
അതേസമയം, സംഘർഷത്തിൽ അഞ്ച് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി ഡൽഹി പൊലീസ് പറയുന്നു. രണ്ട് എ.സി.പിമാർ, ഇൻസ്പെക്ടർ, ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ എന്നിവർക്കാണ് പരിക്കേറ്റത്.
സൻസദ് മാർഗിലെ പാർക്ക് ഹോട്ടൽ പരിസരത്താണ് സംഘർഷമുണ്ടായത്. തുടർന്ന്, ടോൾസ്റ്റോയ് മാർഗ് ഭാഗത്തെ ജനപത് പ്രവേശന കവാടം മുതൽ എൻ.ഡി.എം.സി കൺവെൻഷൻ സെന്റർ വരെ കൂടുതൽ പൊലീസ്, അർധസൈനിക വിഭാഗങ്ങളെ വിന്യസിച്ചു. സൻസദ് മാർഗ് പ്രദേശത്ത് കനത്ത സുരക്ഷാ സന്നാഹമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, ജന്തർ മന്തർ പ്രതിഷേധ വേദിയിൽ സ്ഥിതി സാധാരണ നിലയിൽ തുടർന്നു. ജന്തർ മന്തറിന് ചുറ്റും ഇന്റർനെറ്റ് സേവനം തടഞ്ഞിട്ടുണ്ട്. കേന്ദ്ര ഡൽഹിയിലെ ചില പ്രദേശങ്ങളിൽ ഇന്റർനെറ്റ് സേവനം താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തു. ടെലികോം സേവനദാതാക്കൾക്ക് നൽകിയ സർക്കാർ നിർദേശത്തെ തുടർന്നാണ് നടപടി.
ജന്തർ മന്തറിന് ചുറ്റുമുള്ള 1.5 കിലോമീറ്റർ പരിധിയിൽ ബുധനാഴ്ച വൈകീട്ട് ആറു മുതൽ വ്യാഴാഴ്ച രാവിലെ ആറു വരെ മൊബൈൽ ഇന്റർനെറ്റ് സേവനം നിർത്തിവെക്കാനാണ് നിർദേശം നൽകിയത്.
ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന പ്രക്ഷോഭത്തിനുനേരെ തിങ്കളാഴ്ച പൊലീസ് നടത്തിയ അതിക്രമത്തിൽ 100ലധികം പേർക്ക് പരിക്കേറ്റിരുന്നു. ഇതിനുപിന്നാലെ പ്രതിഷേധക്കാരുടെ താൽക്കാലിക ടെന്റുകൾ പൊലീസ് പൊളിച്ചുമാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.