ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിലെ വിദ്യാർഥി പ്രതിഷേധത്തിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തിനെതിരെ നൽകിയ ഹരജിയിൽ കേന്ദ്ര സർക്കാറിനും ഡൽഹി പൊലീസിനും നോട്ടീസ് അയച്ച് ഡൽഹി ഹൈകോടതി. സംഭവത്തിൽ നാലാഴ്ചക്കകം മറുപടി നൽകാൻ ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ, ജസ്റ്റിസ് തേജസ് കരിയ എന്നിവരുൾപ്പെട്ട ബെഞ്ച് നിർദേശിച്ചു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളും വഡിയോ തെളിവുകളും കൃത്യമായി സൂക്ഷിക്കാനും കോടതി പൊലീസിന് നിർദേശം നൽകി. കേസ് സെപ്റ്റംബർ 11ന് വീണ്ടും പരിഗണിക്കും.
സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്കുനേരെ പൊലീസ് അനാവശ്യവും ക്രൂരവുമായ ബലപ്രയോഗം നടത്തിയെന്ന് ഹരജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ എൻ. ഹരിഹരൻ, വികാസ് സിങ്, ഗോപാൽ ശങ്കരനാരായണൻ എന്നിവർ വാദിച്ചു. ആണിതറച്ച ലാത്തികൾ, ഇലക്ട്രിക് ബറ്റണുകൾ എന്നിവ ഉപയോഗിച്ച് പൊലീസ് ആക്രമണം നടത്തിയെന്നും വനിതാ പ്രതിഷേധക്കാർക്കുനേരെ ലൈംഗികാതിക്രമങ്ങൾ ഉണ്ടായെന്നും അഭിഭാഷകർ കോടതിയെ അറിയിച്ചു.
പ്രതിഷേധക്കാർ അക്രമാസക്തരായെന്നും കല്ലെറിഞ്ഞെന്നും ഡൽഹി പൊലീസിനുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു വാദിച്ചു. ഹരജികൾ പ്രശസ്തിക്ക് വേണ്ടിയുള്ളതാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ, കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചാണോ പൊലീസ് പ്രവർത്തിച്ചതെന്ന് വ്യക്തമാക്കേണ്ടതുണ്ടെന്നും സംഭവത്തിൽ പൊലീസ് മറുപടി നൽകണമെന്നും ഹൈകോടതി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.