ലഖ്നോ: ട്വന്‍റി-20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യക്കെതിരായ പാകിസ്താന്‍റെ വിജയം ആഘോഷിച്ചതിന് ഭാര്യക്കെതിരെ പൊലീസിൽ പരാതി നൽകി ഭർത്താവ്. ഉത്തർപ്രദേശിലാണ് സംഭവമെന്ന് 'ഫ്രീ പ്രസ് ജേണൽ' റിപ്പോർട്ട് ചെയ്യുന്നു. ഭാര്യയെ കൂടാതെ, ഭാര്യാപിതാവിനെതിരെയും ഭാര്യാമാതാവിനെതിരെയും പരാതിയുണ്ട്.
ഇന്ത്യക്കെതിരെ പാകിസ്താൻ വിജയിച്ചപ്പോൾ ഭാര്യയും മാതാപിതാക്കളും പടക്കം പൊട്ടിച്ച് ആഘോഷിച്ചതായി ഇയാൾ പരാതിയിൽ പറയുന്നു. തങ്ങളുടെ ആഘോഷം വാട്സാപ്പിൽ സ്റ്റാറ്റസാക്കിയെന്നും ഇയാൾ പറയുന്നു. ഇന്ത്യയുടെ പരാജയത്തിൽ ഇവർ സന്തോഷിക്കുകയായിരുന്നെന്നും സമൂഹമാധ്യമങ്ങളിലൂടെ അത് പങ്കുവെച്ചെന്നും പരാതിയിൽ പറയുന്നു.
പരാതിപ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
നേരത്തെ, ആഗ്രയിലെ എൻജിനീയറിങ് കോളജിൽ പാക് വിജയം ആഘോഷിച്ച മൂന്ന് കശ്മീരി വിദ്യാർഥികളെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കോളജിൽ നിന്ന് പുറത്താക്കുകയും ചെയ്തു.
സമാനമായ മറ്റൊരു സംഭവത്തിൽ രാജസ്ഥാനിൽ സ്കൂൾ അധ്യാപികയെ പുറത്താക്കുകയും ഇവർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. പാക് വിജയം വാട്സാപ്പ് സ്റ്റാറ്റസാക്കിയെന്നാണ് ഇവർക്കെതിരെ ചുമത്തിയ കുറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.