ജീവനൊടുക്കിയ വിമുക്തഭടന് രക്തസാക്ഷി പദവി നല്‍കരുതെന്ന് ഹരജി

ന്യൂഡല്‍ഹി: ഒരു റാങ്കിന് ഒരേ പെന്‍ഷന്‍ പദ്ധതി നടത്തിപ്പിലെ പിഴവു തീര്‍ക്കണമെന്ന ആവലാതി പരിഹരിക്കാത്തതില്‍ മനംനൊന്ത് ജീവനൊടുക്കിയ വിമുക്തഭടന്‍ രാം കിഷന്‍ ഗ്രെവാളിന് രക്തസാക്ഷി പദവിയും ആശ്രിതര്‍ക്ക് ഒരു കോടി രൂപ ആശ്വാസധനവും പ്രഖ്യാപിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍െറ നടപടി ചോദ്യം ചെയ്ത് ഹൈകോടതിയില്‍ പൊതുതാല്‍പര്യ ഹരജി. സമാശ്വാസ തുക കിട്ടാന്‍ കൂടുതല്‍ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നതാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനമെന്നും അത് ആത്മഹത്യയെ മഹത്വവത്കരിക്കുന്നുവെന്നും കേന്ദ്രസര്‍ക്കാറില്‍ മുന്‍ ഉദ്യോഗസ്ഥനായ പുരന്‍ ചന്ദ് ആര്യ നല്‍കിയ പൊതുതാല്‍പര്യ ഹരജിയില്‍ പറഞ്ഞു.

ആത്മഹത്യ ഭീരുത്വമാണെന്നിരിക്കെ, ധീരതക്ക് നല്‍കുന്ന രക്തസാക്ഷി പദവി അനുവദിക്കാന്‍ പാടില്ല. നികുതിദായകരുടെ പണം ഇത്തരം രാഷ്ട്രീയ ഏര്‍പ്പാടുകള്‍ക്ക് ചെലവിടാനുള്ളതല്ല. ആത്മഹത്യ ചെയ്തയാള്‍ക്ക് രക്തസാക്ഷി പദവി നല്‍കുന്നത് യഥാര്‍ഥ ധീരഭടന്മാരെ അവഹേളിക്കുന്നതാണെന്ന് അവധ് കൗശിക് എന്നയാള്‍ നല്‍കിയ മറ്റൊരു പൊതുതാല്‍പര്യ ഹരജിയില്‍ പറഞ്ഞു.

അതിനിടെ, രാംകിഷന്‍ ഗ്രെവാള്‍ ജീവനൊടുക്കിയ സംഭവത്തില്‍ ചോദ്യം ചെയ്യാന്‍ മൂന്നു വിമുക്ത ഭടന്മാരെ ഡല്‍ഹി പൊലീസ് വിളിപ്പിച്ചു. രാജ്കുമാര്‍, പൃഥ്വി, ജഗദീഷ് എന്നീ മുന്‍ സൈനികര്‍ ക്രൈംബ്രാഞ്ച് മുമ്പാകെ ഹാജരാകാനാണ് നിര്‍ദേശം. മൂവരും ഗ്രെവാളുമായി അടുത്ത ബന്ധമുള്ള ഹരിയാനക്കാരാണ്.
ഒരു റാങ്കിന് ഒരേ പെന്‍ഷന്‍ പദ്ധതി മിക്കവാറും കുറ്റമറ്റനിലയിലാണ് നടപ്പാക്കിയതെന്നും 95 ശതമാനം വിമുക്ത ഭടന്മാരും തൃപ്തരാണെന്നുമുള്ള വാദവുമായി പ്രതിരോധമന്ത്രി മനോഹര്‍ പരീകര്‍ ഇതിനിടെ രംഗത്തുവന്നു. രേഖകള്‍ അപൂര്‍ണമായ വളരെ മുമ്പത്തെ വിമുക്തഭടന്മാരുടെ കാര്യത്തിലാണ് ചില പ്രശ്നങ്ങള്‍ നില്‍ക്കുന്നത്. രണ്ടു മാസത്തിനകം ഇവരുടെ പ്രയാസങ്ങള്‍ പരിഹരിക്കുമെന്നും പ്രതിരോധമന്ത്രി പറഞ്ഞു. 20 ലക്ഷത്തില്‍ ഒരു ലക്ഷം മുന്‍സൈനികര്‍ക്ക് മാത്രമാണ് ഈ പ്രശ്നം ഉള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, ഒ.ആര്‍.ഒ.പി പദ്ധതി വിമുക്തഭടന്മാര്‍ക്ക് പ്രയോജനപ്പെടുന്നവിധത്തില്‍ നടപ്പാക്കിയില്ളെന്ന് ബി.ജെ.പിയില്‍ നിന്നുതന്നെ വിമര്‍ശനമുയര്‍ന്നു. പ്രതിപക്ഷ നേതാക്കള്‍ പാര്‍ട്ടിയുടെ ശത്രുക്കളല്ളെന്ന് ബി.ജെ.പി എം.പിയും സിനിമാതാരവുമായ ശത്രുഘ്നന്‍ സിന്‍ഹ പറഞ്ഞു. രാംകിഷന്‍ ആത്മഹത്യ ചെയ്ത സംഭവം പക്വതയോടെ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞില്ളെന്നും ശത്രുഘ്നന്‍ സിന്‍ഹ കുറ്റപ്പെടുത്തി.

 

Tags:    
News Summary - file to case kejriwal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.