കശ്മീര്‍ പ്രക്ഷോഭത്തെ പിന്തുണച്ച് ഫാറൂഖ് അബ്ദുല്ല; മറുപടിയുമായി മഹ്ബൂബ

ശ്രീനഗര്‍: കശ്മീരില്‍ തുടരുന്ന ജനകീയ പ്രക്ഷോഭത്തെ പിന്തുണച്ച് മുന്‍ മുഖ്യമന്ത്രിയും നാഷനല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുല്ല. ദീര്‍ഘകാലമായി തുടരുന്ന കശ്മീര്‍ തര്‍ക്കം ഇന്ത്യയും പാകിസ്താനും ഒരുമിച്ചിരുന്ന് പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ജൂലൈ എട്ടിന് ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍  ബുര്‍ഹാന്‍ വാനി സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ ജനകീയ സമരങ്ങളെ ഫാറൂഖ് അബ്ദുല്ല തുണച്ചതിനെ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ഇപ്പോഴത്തെ സംഘര്‍ഷങ്ങളിലും അക്രമങ്ങളിലും നാഷനല്‍ കോണ്‍ഫറന്‍സ് പ്രവര്‍ത്തകര്‍ക്ക് പങ്കുള്ളതുകൊണ്ടാണ് ഫാറൂഖ് അബ്ദുല്ല ഇങ്ങനെയൊരു നിലപാടുമായി രംഗത്തുവന്നതെന്ന് അവര്‍  ആരോപിച്ചു.

പിതാവ് ശൈഖ് അബ്ദുല്ലയുടെ  ജന്മവാര്‍ഷികത്തില്‍ പ്രവര്‍ത്തകരുമായി സംസാരിക്കവെ, കശ്മീരില്‍ ഉയരുന്ന സമരത്തെ ‘ജനകീയപ്രസ്ഥാന’മായാണ് ഫാറൂഖ് അബ്ദുല്ല വിശേഷിപ്പിച്ചത്. കശ്മീര്‍ പ്രശ്നം തന്‍െറ പിതാവിന്‍െറ സൃഷ്ടിയല്ളെന്നും 1947ല്‍ ഇന്ത്യ-പാക് വിഭജനത്തോടെ ആരംഭിച്ചതാണിതെന്നും അദ്ദേഹം പറഞ്ഞു. കശ്മീര്‍ പരിഹരിക്കപ്പെടാത്ത പ്രശ്നമാണെന്ന് സമ്മതിക്കണം. അതിനനുസരിച്ചുള്ള പരിഹാരനടപടികളാണ് ആവശ്യം.  

‘‘ഞാന്‍ ഹുര്‍രിയത്ത് നേതാക്കള്‍ക്കൊപ്പമോ അവര്‍ക്ക് എതിരോ എന്നതല്ല, ഞങ്ങള്‍ ഇപ്പോള്‍ ജനങ്ങള്‍ക്കൊപ്പമാണ്’’ -ഫാറൂഖ് അബ്ദുല്ല പറഞ്ഞു. നഷ്ടപ്പെട്ട അധികരം തിരിച്ചുപിടിക്കാനുള്ള നീക്കത്തിന്‍െറ ഭാഗമാണ് ഇത്തരം പ്രസ്താവനകളെന്ന് മഹ്ബൂബ ആരോപിച്ചു. മുന്‍കാലങ്ങളില്‍ പാകിസ്താനു നേരെ ബോംബാക്രമണം നടത്തണമെന്നും ഹുര്‍രിയത്ത് കോണ്‍ഫറന്‍സിനെ ഝലം നദിയില്‍ ഒഴുക്കണമെന്നും പറഞ്ഞ നേതാവാണ് ഫാറൂഖ് അബ്ദുല്ലയെന്നും അവര്‍ കുറ്റപ്പെടുത്തി.

 

Tags:    
News Summary - farook abdulla support kashmir issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.