ന്യൂഡൽഹി: എൽഗാർ പരിഷത്ത് ഭീമ കൊറെഗാവ് കേസിൽ കുറ്റാരോപിതരായി ജയിലിൽ കഴിഞ്ഞിരുന്ന മലയാളി ഗവേഷകൻ റോണ വിൽസണും ആക്ടിവിസ്റ്റ് സുധീർ ധാവ്ലെയും ജാമ്യത്തിലിറങ്ങി. രണ്ടാഴ്ച മുമ്പാണ് ബോംബെ ഹൈകോടതി ജാമ്യം അനുവദിച്ചത്. കേസ് പരിഗണിക്കുന്ന പ്രത്യേക എൻ.ഐ.എ കോടതിയിൽ ജാമ്യ നടപടികൾ പൂർത്തിയാക്കി ഇന്ന് ഉച്ചയോടെ ഇരുവരും നവി മുംബൈയിലെ തലോജ ജയിലിൽ നിന്ന് പുറത്തിറങ്ങി.
2018 മുതൽ ജയിലിൽ കഴിയുകയായിരുന്നു റോണ വിൽസണും സുധീർ ധാവ്ലെയും. കേസിന്റെ വിചാരണ ഉടൻ പൂർത്തിയാകാൻ സാധ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ എ.എസ് ഗഡ്കരി, കമൽ ഖാത എന്നിവരുടെ ബെഞ്ച് ജാമ്യം അനുവദിച്ചത്. ഇരുവരും ഒരുലക്ഷം രൂപ വീതം ബോണ്ടായി കെട്ടിവെക്കണമെന്നും വിചാരണക്ക് എൻ.ഐ.എ കോടതിയിൽ ഹാജരാകണമെന്നും ഹൈകോടതി നിർദേശിച്ചിട്ടുണ്ട്.
ഇവർക്ക് പുറമേ മറ്റ് 14 പേർ കേസിൽ അറസ്റ്റിലായിട്ടുണ്ട്. വരവര റാവു, സുധാ ഭരദ്വാജ്, ആനന്ദ് തെൽതുംബ്ഡെ, വെർനൺ ഗോൺസാൽവസ്, അരുൺ ഫെരേര, ഷോമ സെൻ, ഗൗതം നവ്‌ലാഖ, മഹേഷ് റാവത്ത് എന്നിവർക്കാണ് ഇതുവരെ ജാമ്യം ലഭിച്ചത്. ഇവരിൽ, ജാമ്യത്തിനെതിരെ എൻ.ഐ.എ സമർപ്പിച്ച അപ്പീൽ സുപ്രീം കോടതിയുടെ പരിഗണനയിലായതിനാൽ റാവത്ത് ഇപ്പോഴും ജയിലിൽ തുടരുകയാണ്. കുറ്റാരോപിതനായ ജെസ്യൂട്ട് പുരോഹിതനും ആക്ടിവിസ്റ്റുമായ സ്റ്റാൻ സ്വാമി 2021ൽ ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ മരണപ്പെട്ടു.
2017 ഡിസംബർ 31ന് പൂനെയിൽ നടന്ന എൽഗാർ പരിഷത്ത് സമ്മേളനത്തിൽ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയെന്നാരോപിച്ചാണ് കേസ്. മാവോയിസ്റ്റുകളുടെ പിന്തുണയോടെയാണ് സമ്മേളനം നടന്നതെന്ന് പൂണെ പൊലീസ് പറയുന്നു. പിന്നീട് ദേശീയ അന്വേഷണ ഏജൻസി കേസിന്‍റെ അന്വേഷണം ഏറ്റെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.