മുംബൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത അവാർഡുദാന ചടങ്ങിനെത്തിയ എട്ടു പേർ സൂര്യാതപമേറ്റ് മരിച്ചു. 24 പേർ ചികിത്സയിലാണ്. നവി മുംബൈയിലെ ഘാർഖറിൽ ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
അപ്പാസാഹെബ് ധർമാധികാരി എന്നറിയപ്പെടുന്ന ആക്ടിവിസ്റ്റ് ദത്താത്രേയ നാരായണന് മഹാരാഷ്ട്ര ഭൂഷൺ പുരസ്കാരം നൽകുന്ന ചടങ്ങിനെത്തിയവരാണ് മരിച്ചത്. സൂര്യാതപമേറ്റ ഉടൻ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ എട്ടു പേർ മരിക്കുകയായിരുന്നു.
ഖാർഘറിലെ തുറന്ന ഗ്രൗണ്ടിൽ രാവിലെ 7 മുതൽ ഉച്ചക്ക് 2 വരെ നടന്ന ചടങ്ങിലേക്ക് അപ്പാസാഹെബ് ധർമാധികാരിയുടെ 20 ലക്ഷത്തിലധികം അനുയായികളാണ് എത്തിയത്. 42 ഡിഗ്രി ചൂടിൽ നിർജലീകരണത്തെ തുടർന്ന് പലരും ഛർദ്ദിക്കുകയും ബോധരഹിതരാവുകയും ചെയ്തു.
മരിച്ചവരുടെ ബന്ധുക്കൾക്ക് മഹാരാഷ്ട്ര സർക്കാർ അഞ്ചു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ആശുപത്രിയിലുള്ളവരുടെ ചികിത്സച്ചെലവുകളും സർക്കാർ ഏറ്റെടുത്തു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും പുരസ്കാരദാന ചടങ്ങിൽ പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.