ന്യൂഡൽഹി: എബോള വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ വിമാനത്താവളങ്ങളിലെ നിരീക്ഷണം ശക്തമാക്കുന്നതിന്‍റെ ഭാഗമായി നവീകരിച്ച എയർ സുവിധ 2.0 പോർട്ടൽ സർവീസ് ആരംഭിച്ചു. സിവിൽ ഏവിയേഷൻ മന്ത്രാലയവും ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡും ചേർന്നാണ് ഈ കോൺടാക്റ്റ്‌ലെസ് പാസഞ്ചർ ഹെൽത്ത് സെൽഫ്-ഡിക്ലറേഷൻ പോർട്ടൽ പുറത്തിറക്കിയത്. ഇതു വഴി വിദേശത്തുനിന്ന് എത്തുന്ന യാത്രക്കാർക്ക് ഇമിഗ്രേഷൻ ക്ലിയറൻസിന് മുമ്പായി ഓൺലൈനായി ആരോഗ്യ സംബന്ധമായ വിവരങ്ങൾ സമർപ്പിക്കാം. 21 ദിവസത്തെ യാത്രാ വിവരങ്ങൾ, രോഗബാധയുമായി ബന്ധപ്പെട്ട ചരിത്രം, എന്തെങ്കിലും രോഗലക്ഷണങ്ങൾ എന്നിവ ഫോമിൽ രേഖപ്പെടുത്തണം.
യാത്രക്കാർക്ക് വിമാനത്താവളത്തിലെ ആരോഗ്യ ഉദ്യോഗസ്ഥർ, ബ്യൂറോ ഓഫ് ഇമിഗ്രേഷൻ, ഐ.ഡി.എസ്.പി, സ്റ്റേറ്റ് സർവൈലൻസ് ഉദ്യോഗസ്ഥർ എന്നിവരുമായി തത്സമയം വിവരങ്ങൾ പങ്കിടാൻ ഈ പോർട്ടൽ സഹായിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വൈറസ് വ്യാപന സാധ്യതയുള്ള യാത്രക്കാരെ വേഗത്തിൽ തിരിച്ചറിയാനും അവർക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കാനും ഇത് ഉപകാരപ്പെടുന്നു. കൂടാതെ വിമാനത്താവളങ്ങളിൽ നേരിട്ടെത്തി പേപ്പർ ഫോമുകൾ പൂരിപ്പിക്കേണ്ട ആവശ്യമില്ലാത്തതിനാൽ യാത്രക്കാർക്ക് എവിടെ നിന്ന് വേണമെങ്കിലും വിവരങ്ങൾ നൽകാം. ഇന്ത്യയിലെത്തുന്നതിന് 24 മണിക്കൂർ മുമ്പ് 'എയർ സുവിധ' സെൽഫ് ഡിക്ലറേഷൻ ഫോം പൂരിപ്പിക്കാവുന്നതാണ്. യാത്രക്കാർ വിമാനത്തിൽ കയറുന്നതിന് മുമ്പ്, വെബ് ചെക്ക്-ഇൻ സമയത്ത് തന്നെ ഫോം പൂരിപ്പിക്കണം. വിമാനത്താവളത്തിൽ എത്തിയ ശേഷം ഡൗൺലോഡ് ചെയ്ത ഡിക്ലറേഷൻ ഫോം ഇന്റർനാഷണൽ ട്രാവൽ ഹെൽത്ത് ഡെസ്കിലോ ഇമിഗ്രേഷൻ കൗണ്ടറിലോ കാണിച്ചാൽ മതിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.