ന്യൂഡൽഹി: 2007 മുതൽ റെയിൽവേ മന്ത്രിമാരുടെ ചാർട്ടേഡ് വിമാന യാത്രകൾക്ക് റെയിൽവേ ഏകദേശം 8.90 കോടി രൂപ ചെലവഴിച്ചുവെന്ന് ദേശീയ മാധ്യമത്തിന് വിവരാവകാശ മറുപടി. 11 റെയിൽവേ മന്ത്രിമാരും സഹമന്ത്രിമാരും ഉൾപ്പെടെ 33 തവണയാണ് യാത്ര നടത്തിയിട്ടുള്ളത്. 48 ദിവസങ്ങളിലാണ് ഈ യാത്രകൾ നടന്നിട്ടുള്ളത്.
ലാലു പ്രസാദ് യാദവാണ് ചാർട്ടേഡ് വിമാനങ്ങൾ ഏറ്റവും കൂടുതൽ തവണ ഉപയോഗിച്ചത് (12 തവണ). എന്നാൽ ഏറ്റവും കൂടുതൽ പണം ചെലവഴിച്ചത് സുരേഷ് പ്രഭുവാണ്. നാല് യാത്രകൾക്കായി അദ്ദേഹം 3.01 കോടി രൂപയാണ് ചെലവഴിച്ചത്. 13 ദിവസങ്ങളിലായി നാല് തവണയാണ് സുരേഷ് പ്രഭു ചാർട്ടേഡ് സൗകര്യം ഉപയോഗിച്ചത്. അദ്ദേഹത്തിന്‍റെ യാത്രകളുടെ ആകെ ബിൽ 3.01 കോടി രൂപയായിരുന്നു. ഇത് രേഖകളിലെ മന്ത്രിമാരിൽ ഏറ്റവും ഉയർന്ന തുകയാണ്.
ഒരു യാത്രക്ക് ഏകദേശം 75 ലക്ഷം രൂപയാണ് സുരേഷ് പ്രഭുവിന്‍റെ ശരാശരി ചെലവ്. ലാലു 12 തവണ ഈ സൗകര്യം ഉപയോഗിച്ചപ്പോൾ, സുരേഷ് പ്രഭു വെറും നാല് തവണ മാത്രമാണ് ഇത് ഉപയോഗിച്ചതെങ്കിലും അദ്ദേഹത്തിന്‍റെ മൊത്തത്തിലുള്ള ചെലവ് ലാലുവിനേക്കാൾ ഏകദേശം 1.03 കോടി രൂപ കൂടുതലായിരുന്നു.
നിലവിൽ റെയിൽവേ മന്ത്രിയായ അശ്വിനി വൈഷ്ണവാണ് ഏറ്റവും കുറഞ്ഞ തോതിൽ ചാർട്ടേഡ് വിമാനം ഉപയോഗിച്ചിട്ടുള്ളത്. 2021 മുതൽ ഈ പദവി വഹിക്കുന്നുണ്ടെങ്കിലും, രേഖകൾ പ്രകാരം അശ്വിനി വൈഷ്ണവ് ഒരു തവണ മാത്രമാണ് ചാർട്ടേഡ് വിമാനം ഉപയോഗിച്ചിട്ടുള്ളത്. 2023ലെ ബലാസോർ റെയിൽവേ ദുരന്തത്തിന് ശേഷം ഭുവനേശ്വറിലേക്കുള്ള യാത്രക്കായിരുന്നു അത്. ഇതിന്‍റെ ചെലവ് 25 ലക്ഷം രൂപയായിരുന്നു.
ആകെ 33 അവസരങ്ങളിലായി റെയിൽവേ ഏകദേശം 8.90 കോടി രൂപയാണ് ചാർട്ടേഡ് വിമാന യാത്രാക്കായി ചെലവഴിച്ചത്. ട്രെയിൻ അപകടങ്ങൾ, വെള്ളപ്പൊക്കം, ഉദ്ഘാടനങ്ങൾ, ശിലാസ്ഥാപന ചടങ്ങുകൾ, മറ്റ് ഔദ്യോഗിക പരിപാടികൾ എന്നിവയ്ക്കാണ് യാത്ര നടത്തിയത്. ഇവർക്കെല്ലാം പുറമെ ആർ. വെലു, മനോജ് സിൻഹ, പീയുഷ് ഗോയൽ തുടങ്ങിയവരും വിവരാകാശ രേഖ പ്രകാരം ചാർട്ടേഡ് വിമാനം ഉപയോഗിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.