വാഷിങ്ടൺ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ (ഐ.എസ്.എസ്) ആദ്യ ‘മലയാളി’യായ അനിൽ മേനോന്റെ രണ്ടാം ബഹിരാകാശ നടത്തവും (സ്പേസ് വാക്ക്) വിജയം. കഴിഞ്ഞദിവസം, അനിൽ മേനോനും സഹയാത്രിക സോഫി അഡനോട്ടുമാണ് ബഹിരാകാശ നിലയത്തിന് പുറത്ത് ഏതാനും മണിക്കൂറുകൾ ചെലവഴിച്ചത്. നിലയത്തിന്റെ തകരാറിലായ ആന്റിന ബഹിരാകാശ നടത്തത്തിനിടെ വിജയകരമായി അവർ നീക്കം ചെയ്തു. എന്നാൽ, പകരം ആന്റിന സ്ഥാപിക്കാൻ സമയം ലഭിച്ചില്ല. പുതിയ ആന്റിന സ്ഥാപിക്കുന്ന ജോലി മറ്റൊരു ബഹിരാകാശ നടത്തത്തിനിടെ പൂർത്തിയാക്കുമെന്ന് നാസ അറിയിച്ചു.
ആറ് മണിക്കൂറും 23 മിനിറ്റും നീണ്ട ബഹിരാകാശ നടത്തത്തിനിടെയാണ് തകരാറിലായ ‘സ്പേസ് ടു ഗ്രൗണ്ട്’ ആന്റിന ഇരുവരും നീക്കം ചെയ്തത്. ചൊവ്വാഴ്ച ഇന്ത്യൻ സമയം വൈകുന്നേരം ആറ് മണിക്കാണ് നടത്തം ആരംഭിച്ചത്. ഒറ്റപ്പാലത്ത് കുടുംബവേരുകളുള്ള അനിൽ മേനോൻ കഴിഞ്ഞയാഴ്ചയും ബഹിരാകാശ നടത്തം വിജയകരമായി പൂർത്തിയാക്കിയിരുന്നു. തകരാറിലായ ആന്റിന നീക്കം ചെയ്യുകയും പകരം പുതിയ ആന്റിന സ്ഥാപിക്കുകയും ചെയ്യുകയായിരുന്നു രണ്ടാം ദൗത്യത്തിലെ പ്രധാന ലക്ഷ്യങ്ങൾ. എന്നാൽ, ആന്റിനയുമായി ബന്ധിപ്പിച്ചിരുന്ന പവർ, ഡേറ്റ കണക്ടറുകൾ വേർപെടുത്തുന്നതിൽ അപ്രതീക്ഷിതമായ കാലതാമസം നേരിട്ടു.
ആന്റിനയുടെ ഗിംബൽ അസംബ്ലിയിൽ ലോക്കിങ് പിന്നുകൾ സ്ഥാപിക്കുന്നതിലും ബൂമിൽനിന്ന് ആന്റിന അഴിച്ചെടുക്കുന്നതിലും കൂടുതൽ സമയം വേണ്ടിവന്നു. ആഗസ്റ്റ് 25ന് അനിൽ വീണ്ടും ആകാശത്ത് നടക്കും. ഇതിനിടെ, ബഹിരാകാശ നിലയത്തിൽ അനിലും സഹയാത്രികരും പച്ചക്കറികൾ വിളവെടുക്കുന്നതിന്റെ ചിത്രവും നാസ പുറത്തുവിട്ടു. ദീർഘകാല ബഹിരാകാശ യാത്രകളിൽ ഭക്ഷണം ഉൽപാദിപ്പിക്കാൻ കഴിയുമോ എന്ന പരീക്ഷണമാണ് നിലയത്തിൽ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.