ന്യൂഡൽഹി: പാർട്ടി പരിപാടികളിൽ വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിലപാട് വ്യക്തമാക്കി കോൺഗ്രസ്. ബുധനാഴ്ച ചേർന്ന കോൺഗ്രസ് പ്രവർത്തകസമിതി (സി.ഡബ്ല്യു.സി) യോഗത്തിലാണ് വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഖണ്ഡികകൾ മാത്രം ആലപിച്ചാൽ മതിയെന്ന പാർട്ടി നിലപാട് തുടർന്നുപോകാൻ തീരുമാനിച്ചത്. 1937-ൽ കോൺഗ്രസ് കൈക്കൊണ്ട ഈ തീരുമാനത്തിൽ ഉറച്ചുനിൽക്കാനാണ് ഉന്നത നേതൃത്വത്തിന്റെ തീരുമാനമെന്ന് ദേശീയ കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വന്ദേമാതരത്തിന്റെ മുഴുവൻ വരികളും ആലപിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ തീരുമാനത്തോട് കോൺഗ്രസ് നേരത്തെ തന്നെ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിനിടെ, ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
ആദ്യ രണ്ടു ചരണങ്ങൾ പിന്നിട്ടിട്ടും ആലാപനം തുടർന്നപ്പോൾ കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയും എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ഇടപെട്ട് നിർത്താൻ പലവട്ടം ശ്രമിച്ചെങ്കിലും ഗാനാലാപനം തുടരുകയായിരുന്നു. ഈ സംഭവവും ഇതിന് പിന്നാലെയുണ്ടായ ആശയക്കുഴപ്പങ്ങളും ബി.ജെ.പി വലിയ രീതിയിൽ രാഷ്ട്രീയ ആയുധമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രവർത്തകസമിതി യോഗം ചേർന്ന് പാർട്ടി നിലപാടിൽ വീണ്ടും വ്യക്തത വരുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.