മുംബൈ: രാജ്യത്തിന്റെ റോഡ് ഗതാഗത രംഗത്ത് താൻ നടത്തിയ മികച്ച പ്രവർത്തനങ്ങൾ മാധ്യമങ്ങളിൽ കൃത്യമായി ചർച്ച ചെയ്യപ്പെടുന്നില്ലെന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. പൂനെയിൽ നടന്ന 'ഫെസ്റ്റിവൽ ഓഫ് തിങ്കേഴ്‌സ്' പ്രഭാഷണ പരമ്പരയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഏത് സംസ്ഥാനത്തെ റോഡിൽ കുഴിയുണ്ടായാലും സോഷ്യൽ മീഡിയയിൽ ആളുകൾ തന്നെയാണ് കുറ്റപ്പെടുത്തുന്നതെന്നും ട്രോളുന്നതെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ മുംബൈ-പുണെ എക്സ്പ്രസ് വേയുടെ 'മിസ്സിംഗ് ലിങ്ക്' പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളെ സൂചിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം തുറന്നടിച്ചത്.
താൻ 27 വർഷം മുമ്പ് നിർമ്മിച്ച മുംബൈ-പുണെ എക്സ്പ്രസ് വേ ഇന്നും ഒരൊറ്റ കുഴിപോലുമില്ലാതെ മികച്ച അവസ്ഥയിലാണ് തുടരുന്നതെന്നും എന്നാൽ ഈ വാർത്തകൾ ആരും പ്രസിദ്ധീകരിക്കാറില്ലെന്നും ഗഡ്കരി പറഞ്ഞു. തൻ്റെ ഭരണകാലത്ത് വനം വകുപ്പിന്റെ അനുമതി ലഭിക്കാത്തതുകൊണ്ടാണ് 'മിസ്സിംഗ് ലിങ്ക്' റോഡ് നിർമ്മിക്കാൻ സാധിക്കാതിരുന്നത്. എന്നാൽ ഇപ്പോൾ ആ റോഡ് നിർമ്മിച്ചത് സംസ്ഥാന സർക്കാരാണ്. റോഡുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ, പ്രൊജക്റ്റ് മഹാരാഷ്ട്ര സർക്കാർ നടപ്പിലാക്കിയതാണെങ്കിലും സോഷ്യൽ മീഡിയയിൽ താനാണ് ലക്ഷ്യമിടപ്പെടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, എവിടെയാണ് പിഴവുകൾ സംഭവിക്കുന്നതെന്ന് പെട്ടെന്ന് തിരിച്ചറിയാൻ സോഷ്യൽ മീഡിയ ഒരു ക്വാളിറ്റി കൺട്രോൾ ഏജന്റായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മേയ് 1-ന് ഗതാഗതത്തിനായി തുറന്നുകൊടുത്ത മുംബൈ-പുണെ എക്സ്പ്രസ് വേ മിസ്സിംഗ് ലിങ്ക്, സഹ്യാദ്രി മലനിരകളിലൂടെ കടന്നുപോകുന്ന 13 കിലോമീറ്റർ ദൈർഘ്യമുള്ള ബൈപ്പാസാണ്. രണ്ട് തുരങ്കങ്ങളും കേബിൾ-സ്റ്റേഡ് പാലവും ഉൾപ്പെടുന്ന ഈ പദ്ധതി ലോണാവാല-ഖണ്ഡാല ഘാട്ട് ഭാഗത്തെ വളവുകൾ ഒഴിവാക്കാനും, മുംബൈയ്ക്കും പുണെയ്ക്കും ഇടയിലുള്ള യാത്രാദൂരം 5.7 കിലോമീറ്റർ കുറയ്ക്കാനും, യാത്രാ സമയം 20 മുതൽ 30 മിനിറ്റ് വരെ ലാഭിക്കാനുമാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
എന്നാൽ 6,695 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച് ഒമ്പത് ആഴ്ചകൾക്കകം, കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ പുണെയിൽ നിന്ന് മുംബൈയിലേക്കുള്ള പാത തടസ്സപ്പെട്ടിരുന്നു. ഇത് പ്രതിപക്ഷത്തിന്റെ കടുത്ത വിമർശനത്തിന് കാരണമായിരുന്നു. എന്നാൽ നിർമ്മാണത്തിലെ ഗുണനിലവാരമില്ലായ്മയെക്കുറിച്ചുള്ള വിമർശനങ്ങൾ തള്ളിക്കളഞ്ഞ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, വിദഗ്ധർ നിർദ്ദേശിക്കുന്ന സുരക്ഷാ മുൻകരുതലുകൾ സർക്കാർ നടപ്പിലാക്കുമെന്നും ഒരു ഒറ്റപ്പെട്ട സംഭവത്തിന്റെ പേരിൽ ഈ വലിയ എഞ്ചിനീയറിംഗ് നേട്ടത്തെ വിലയിരുത്തരുതെന്നും വ്യക്തമാക്കിയിരുന്നു.
"അമേരിക്കൻ റോഡുകൾ നല്ലതായതുകൊണ്ടാണ് അമേരിക്ക ധനികരായത്, അല്ലാതെ അമേരിക്ക ധനികരായതുകൊണ്ടല്ല റോഡുകൾ നല്ലതായതെന്ന" കെന്നഡിയുടെ പ്രസ്താവന അദ്ദേഹം ഓർമ്മിപ്പിച്ചു. താൽക്കാലികമായ അടച്ചുപൂട്ടലുകളോ പാച്ചുവർക്കുകളോ പ്രശ്നങ്ങൾക്ക് പരിഹാരമാകില്ലെന്നും അദ്ദേഹം പറഞ്ഞു. റോഡുകളും പാലങ്ങളും തുരങ്കങ്ങളും നിർമ്മിക്കുന്നത് കേവലം നിർമ്മാണ പ്രവർത്തനങ്ങൾ മാത്രമല്ല, അത് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്നും മികച്ച അടിസ്ഥാന സൗകര്യങ്ങളുടെ പ്രാധാന്യം എടുത്തുപറഞ്ഞുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.