എ.ടി.എമ്മില്‍ നിറക്കാനുള്ള 1.37 കോടിയുമായി വാന്‍ ഡ്രൈവര്‍ മുങ്ങി 

ബംഗളൂരു: പൊതുജനം നോട്ടുകള്‍ക്കായി നെട്ടോട്ടമോടുന്നതിനിടെ നഗരത്തിലെ എ.ടി.എമ്മുകളില്‍ നിറക്കാനുള്ള പണവുമായി പട്ടാപ്പകല്‍ വാന്‍ ഡ്രൈവര്‍ മുങ്ങി. ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എമ്മുകളില്‍ നിറക്കാനുള്ള 1.37 കോടി രൂപയുമായാണ് പുറംകരാര്‍ കമ്പനി ജീവനക്കാരന്‍ മുങ്ങിയത്. ലിംഗരാജപുരത്ത് താമസിക്കുന്ന ഡൊമിനിക് എന്നയാളാണ് പണവുമായി കടന്നുകളഞ്ഞതെന്ന് പൊലീസ് വെളിപ്പെടുത്തി. ഇയാള്‍ക്കുവേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി. 

ബുധനാഴ്ച ഉച്ചക്ക് 2.10ന് ബംഗളൂരു കെ.ജി റോഡിലാണ് സംഭവം. വാഹനത്തിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാര്‍ സമീപത്തെ ബാങ്കില്‍നിന്ന് പണം ശേഖരിക്കാന്‍ പോയ സമയത്താണ് ഇയാള്‍ വാഹനവുമായി രക്ഷപ്പെട്ടത്. ‘ലോഗി-കാഷ്’ എന്ന പുറംകരാര്‍ ഏജന്‍സി കരാര്‍ അടിസ്ഥാനത്തിലാണ് ഡ്രൈവറായി ഡൊമിനിക്കിനെ നിയമിച്ചതെന്ന് ഡി.സി.പി എം.എന്‍. അനുചേത് പറഞ്ഞു. രാവിലെ നഗരത്തിലെ ബാങ്കിന്‍െറ രണ്ടു ബ്രാഞ്ചുകളില്‍നിന്ന് ശേഖരിച്ച പണമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ഡ്രൈവറെ പിടികൂടാനായി വെസ്റ്റ് ഡിവിഷന്‍ പൊലീസ് നാലു പ്രത്യേക സംഘങ്ങള്‍ക്ക് രൂപംനല്‍കിയിട്ടുണ്ട്. സുരക്ഷാ ഏജന്‍സിക്കും നോട്ടീസ് നല്‍കി. ചോദ്യംചെയ്യാനായി ഡൊമിനിക്കിന്‍െറ ഭാര്യയെ വൈകീട്ട് കസ്റ്റഡിയിലെടുത്തു. 100, 2000 രൂപയുടെ പുതിയ നോട്ടുകളാണ് വാഹനത്തിലുണ്ടായിരുന്നത്. കമ്പനിയുടെ സുരക്ഷാവീഴ്ചയാണ് പണം നഷ്ടപ്പെടുന്നതിന് ഇടയാക്കിയത്. പ്രദേശത്തുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരുകയാണ്. 
 

Tags:    
News Summary - Driver of a van carrying cash to an ATM flees away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.