ന്യൂഡൽഹി: യു.എസ്-ഇറാൻ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇറാൻ, ഇറാഖ്, ഗൾഫ് വഴിയുള്ള വ്യോമപാതകൾ ഒഴിവാക്കാൻ വിമാന കമ്പനികൾക്ക് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നിർദേശം നൽകി. അത്യാവശ്യ സാഹചര്യത്തിലല്ലാതെ ഇറാഖിലേക്കുള്ള യാത്ര ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഒഴിവാക്കണമെന്ന് ഇന്ത്യൻ പൗരൻമാർക്കും നിർദേശമുണ്ട്.
ഇറാഖിൽ താമസിക്കുന്ന ഇന്ത്യൻ പൗരൻമാർ ജാഗ്രത പാലിക്കുകയും ഇറാഖിനകത്തെ യാത്രകൾ ഒഴിവാക്കുകയും ചെയ്യണം. ഇന്ത്യക്കാർക്ക് സഹായത്തിന് ബാഗ്ദാദിലെ ഇന്ത്യൻ എംബസിയും എർബിലെ കോൺസുലേറ്റും സാധാരണ നിലയിൽ പ്രവർത്തിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇറാഖിലെ യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിൻെറ നിർദേശം.
അതേസമയം, ഗൾഫ് സർവീസുകൾ നിർത്തിവെക്കാൻ യു.എസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ യാത്രാ വിമാന കമ്പനികളോട് ആവശ്യപ്പെട്ടു. ഇറാഖ്, ഇറാന്‍, ഗള്‍ഫ് ഓഫ് ഒമാന്‍, ഇറാനും സൗദിക്കുമിടയിലെ കടൽ തുടങ്ങിയ വ്യോമപാതകളിലാണ് യാത്രാവിമാനങ്ങള്‍ക്ക് വിലക്കേർപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.