ന്യൂഡൽഹി: 1984ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് നേതാവ് സജ്ജൻ കുമാറിനെ വെറുതെ വിട്ടു. സുൽത്താൻപുരിയിൽ നടന്ന മൂന്ന് പേരുടെ കൊലപാതകത്തിൽ സജ്ജൻ കുമാറിന് പങ്കുണ്ടെന്നാണ് കേസ്. സമീപത്തെ ഗുരുദ്വാര കത്തിച്ചതിനും ഇയാൾക്കെതിരെ കേസുണ്ട്. അതേസമയം, മുൻ കോൺഗ്രസ് എം.പി ജഗ്ദീഷ് ടൈറ്റ്ലർ ഉൾപ്പടെയുള്ളവർക്കെതിരായ കേസ് കോടതി ഒക്ടോബർ 13ന് പരിഗണിക്കും.
തങ്ങളുടെ മുറുവിൽ ഉപ്പ് പുരട്ടുന്നത് പോലെയാണ് കോടതി വിധിയെന്ന് കലാപത്തിനിടെ കൊല്ലപ്പെട്ട ഒരാളുടെ ബന്ധു പറഞ്ഞു. കഴിഞ്ഞ 39 വർഷമായി തങ്ങൾ നീതിക്ക് വേണ്ടി പോരാടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കേസിലെ മറ്റ് രണ്ട് പ്രതികളായ വേദ് പ്രകാശ് പിയാൽ, ബ്രഹ്മാനന്ദ് ഗുപ്ത എന്നിവരേയും കോടതി വെറുതെ വിട്ടിട്ടുണ്ട്.
മതിയായ തെളിവുകൾ സമർപ്പിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു. സംശയത്തിന്റെ ആനുകൂല്യം നൽകിയാണ് കോൺഗ്രസ് നേതാവിനെ വെറുതെ വിടുന്നതെന്നും ജഡ്ജി ഗീതാഞ്ജലി ഗോയൽ വ്യക്തമാക്കി. 1984 ഒക്ടോബർ 31ന് പ്രധാനമന്ത്രി ഇന്ദിരഗാന്ധി അംഗരക്ഷകരാൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് സിഖ് വിരുദ്ധ കലാപം ഉടലെടുത്തത്. അതേസമയം, മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട സജ്ജൻ കുമാർ ഇപ്പോൾ തിഹാർ ജയിലിലാണ് ഉള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.