വിശാഖപട്ടണം: ഗുലാബ് ചുഴലിക്കാറ്റ് തീരം തൊട്ടു. ആന്ധ്രപ്രദേശിന്‍റെയും ഒഡിഷയുടെയും തീരമേഖലകളിലായാണ് കാറ്റ് കരയിലേക്ക് പ്രവേശിച്ചത്. മണിക്കൂറിൽ 95 കിലോമീറ്ററായിരുന്നു വേഗം. ആന്ധ്രയുടെ തീരദേശ ജില്ലയായ ശ്രീകാകുളത്ത് കടലിൽ ബോട്ടുമറിഞ്ഞ് രണ്ടു മത്സ്യത്തൊഴിലാളികൾ മരിച്ചു. ഒരാളെ കാണാതായി. ആറു പേർ സഞ്ചരിച്ച ബോട്ട് ശക്തമായ കാറ്റിൽ നിയന്ത്രണംവിട്ടു മറിയുകയായിരുന്നു. മൂന്നു പേർ സുരക്ഷിതമായി നീന്തി കരപറ്റി.
കലിംഗപട്ടണത്തിനും ഗോപാൽപൂരിനും ഇടയിലാണ് കാറ്റ് തീരം തൊട്ടത്. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റ് പൂർണമായും കരയിലേക്ക് പ്രവേശിക്കുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. ഇരുസംസ്ഥാനങ്ങളും കനത്ത ജാഗ്രതയിലാണ്.
സംസ്ഥാന, ദേശീയ ദുരന്ത നിവാരണ സേനയെ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. അടുത്ത മൂന്ന് ദിവസം കടൽ പ്രക്ഷുബ്ധമായി തുടരുമെന്നാണ് മുന്നറിയിപ്പ്. പശ്ചിമബംഗാൾ തീരത്തും മുന്നറിയിപ്പുണ്ട്. ഒഡിഷയിലെ ഗഞ്ചം ജില്ലയിൽ നിന്ന് 16,000 ഗ്രാമീണരെ ഒഴിപ്പിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.
കേരളത്തിൽ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഇന്ന് കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിൽ യെല്ലോ അലേർട്ട് നിലവിലുണ്ട്. നാളെ ഇടുക്കി,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും 28ന് കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.