പട്ന: ബിഹാർ തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് എല്ലാ ‘നല്ല’ സീറ്റുകളും ലഭിക്കണമെന്ന കോൺഗ്രസ് ഡിമാന്റ് അത്ര എളുപ്പം സാധിക്കാൻ സാധ്യത കുറവ്. 2020 ലെ തെരഞ്ഞെടുപ്പിൽ പാർട്ടി ജയിക്കുകയും ചെറിയ മാർജിനിൽ തോൽക്കുകയും ചെയ്ത സീറ്റുകളാണ് ‘നല്ല’ സീറ്റുകൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
നല്ലതും മോശവുമായുള്ള സീറ്റുകൾ എല്ലാ സംസ്ഥാനത്തുമുണ്ടാകുമെന്നും അതിന്റെയർഥം ഒരു പാർട്ടിക് എല്ലാ നല്ല സീറ്റുകളും ലഭിക്കുകയും മറ്റൊരു പാർട്ടിക്ക് എല്ലാ മോശം സീറ്റുകളും ലഭിക്കും എന്നല്ലെന്നും കോൺഗ്രസിന്റെ ബിഹാർ ചാർജുള്ള നേതാവ് കൃഷ്ണ അല്ലവാരു പറഞ്ഞു.
സീറ്റ് വിഭജനത്തിൽ ഇത്തരത്തിലുള്ള നീക്കു പോക്കുകൾ വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. 2020 ലെ തെരഞ്ഞെടുപ്പിൽ പാർട്ടി ജയിക്കുകയും ചെറിയ മാർജിനിൽ തോൽക്കുകയും ചെയ്ത സീറ്റുകളാണ് നല്ല സീറ്റുകൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അന്ന് വിജയിച്ച 19 സീറ്റുകളും ലഭിക്കണമെന്നാണ് ല്ലാൺഗ്രസിന്റെ ഡിമാന്റ്. കൂടാതെ അയ്യായിരം വോട്ടിനു താഴെ പരാജയപ്പെട്ട സീറ്റുകളും.
രാഹുൽ ഗാന്ധിയുടെ ‘വോട്ടർ അധികാർ യാത്ര’ ബിഹാറിലെ ‘ഇൻഡ്യ’ മുന്നണിക് ഒന്നടങ്കം വലിയ ഉണർവുണ്ടാക്കിയ സാഹചര്യത്തിൽ അവയൊക്കെയും ജയിക്കാൻ കഴിയുമെന്നാണ് കോൺഗ്രസ് കരുതുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ആർ.ജെ.ഡിക്കും സഹപാർട്ടികൾക്കും ജയിക്കാൻ കഴിയാതിരുന്ന സീറ്റുകൾ കോൺഗ്രസിന് നൽകുക എന്നതല്ല, അതുപോലെ മഹാ ഗത്ബന്ധൻ വിജയിക്കാൻ സാധ്യതയുള്ള സീറ്റുകളെല്ലാം ഒരു പാർട്ടിക്ക് തന്നെ സീറ്റ് ലഭിക്കണം എന്നുമല്ല - കോൺഗ്രസ് പറഞ്ഞു.
2020 ൽ 70 സീറ്റിൽ മത്സരിച്ച കോൺഗ്രസ വിജയിച്ചത് 19 സീറ്റുകളിൽ മാത്രമാണ്. 2015 ൽ 41 ഇടത്ത് മത്സരിച്ച പാർട്ടിക്ക് 27 സീറ്റുകൾ വിജയിക്കാനായി. ഈ 27 സീറ്റുകളാണ് ‘നല്ല’ സീറ്റുകളായി കോൺഗ്രസ് ഉദ്ദേശിക്കുന്നതെന്ന് കരുതുന്നു. 2020ൽ 5000 വോട്ടിൽ കുറച്ച് ജയിച്ച 8 സീറ്റുകളും അവരുടെ മനസിലുണ്ട്.
ഈ മാനദണ്ഡംവെച്ച് നോക്കുകയാണെങ്കിൽ ആർ.ജെ.ഡിക്ക് 92 ‘നല്ല’ സീറ്റകൾ ലഭിക്കും. 2020ൽ ഇവർ 144 സീറ്റുകളിൽ മത്സരിക്കുകയും 75 സീറ്റുകൾ വിജയിക്കുകയും ചെയ്തു. 500 വോട്ടിൽ താഴെ ഭൂരിപക്ഷത്തിൽ പരാജയപ്പെട്ടത് 17 സീറ്റുകൾ. ഇവരുടെ ഘടകകക്ഷിയായ സി.പി.ഐ (എം.എൽ) 19 സീറ്റിൽ മത്സരിച്ച് 12 എണ്ണത്തിലും വിജയിച്ചിരുന്നു.
സി.പി.എമ്മും സിപിഐയും രണ്ട് സീറ്റുകൾ വീതം വിജയിച്ചിരുന്നു. 2015 ൽ കോൺഗ്രസ് മത്സരിച്ച 41 സീറ്റുകളിൽ 32 എണ്ണം തുടർന്നുവന്ന തെരഞ്ഞെടുപ്പിൽ നൽകിയെങ്കിലും ജയിച്ചത് 11 എണ്ണം മാത്രം. അല്ലാതെ കിട്ടിയ 38 സീറ്റുകളിൽ വിജയിച്ചത് എട്ടെണ്ണം മാത്രം.
ഇത്തവണ മഹാഗത്ബന്ധൻ മുന്നണിയിൽ ഹേമന്ദ് സോറന്റെ ജെ.എം.എമ്മും കേന്ദ്ര മന്ത്രി പശുപതി കുമാർ പരസിന്റെ രാഷ്ട്രീയ ലോക് ജനശക്തി പാർട്ടിയും പുതുതായി ഉണ്ട്. ഇതോടെ സഖ്യകക്ഷികളുടെ എണ്ണം എട്ടായി. ആർ.ജെ.ഡി, കോൺഗ്രസ്, ഇടതുപാർട്ടികൾ, വികാസ ശീൽ ഇൻസാൻ പാർട്ടി എന്നിവയാണ് ഈ മുന്നണിയിലുള്ളത്.
തങ്ങളുടെ മുന്നണി ശക്തമാണെന്നും എൻ.ഡി.എയെ തോൽപിക്കുക മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നും കൊൺഗ്രസ് ജനറൽ സെക്രട്ടറി ഷാനവാസ് അലാം പറയുന്നു.
അതേസമയം 2020 ൽ തങ്ങളുടെ പല സിറ്റിങ് സീറ്റുകളും ആർ.ജെ.ഡി വിട്ടുകൊടുത്തെന്നും അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ കൂടുതൽ സീറ്റുകൾ തങ്ങൾക്ക് ലഭിക്കുമായിരുന്നെന്നുമാണ് ആർ.ജെ.ഡി പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.