ഹിമാചലിൽ വീണ്ടും മേഘവിസ്ഫോടനം: വാഹനങ്ങൾ മണ്ണിനടിയിലായി; ആളപായമില്ല

ഷിംല: ശനിയാഴ്ച പുലർച്ചെ ഹിമാചൽ പ്രദേശിലെ ബിലാസ്പൂർ ജില്ലയിൽ മേഘവിസ്ഫോടനത്തിൽ നിരവധി വാഹനങ്ങൾ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി. കൃഷിയിടങ്ങൾക്ക് നാശനഷ്ടമുണ്ടായി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

നൈന ദേവി നിയമസഭാ മണ്ഡലത്തിലെ നംഹോൾ പ്രദേശത്തെ ഗുത്രഹാൻ ഗ്രാമത്തിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. കുത്തിയൊലിച്ച് അവശിഷ്ടങ്ങളോടൊപ്പം ഒഴുകിയെത്തിയ വെള്ളത്തിൽ കൃഷിയിടങ്ങൾ ഒലിച്ചുപോയെന്ന് പ്രദേശവാസികൾ പറഞ്ഞു. നിരവധി വാഹനങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി.

അതിനിടെ, ശനിയാഴ്ച രാവിലെ സംസ്ഥാന തലസ്ഥാനമായ ഷിംലയിൽ മൂടൽമഞ്ഞ് വ്യാപിച്ചതോടെ ദൃശ്യപരത ഏതാനും മീറ്ററുകളായി കുറഞ്ഞു. സ്കൂൾ സമയത്ത് വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് അസൗകര്യം നേരിട്ടു. വരും ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ ഒറ്റപ്പെട്ട ഭാഗങ്ങളിൽ കനത്ത മഴ പെയ്യുമെന്ന് പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

സംസ്ഥാന അടിയന്തര പ്രവർത്തന കേന്ദ്രം പ്രകാരം സമീപകാല വെള്ളപ്പൊക്കവും മണ്ണിടിച്ചിലുകളും കാരണം സംസ്ഥാനത്ത് 953 വൈദ്യുത ട്രാൻസ്‌ഫോർമറുകളും 336 ജലവിതരണ പദ്ധതികളും തടസ്സപ്പെട്ടു.

ജൂൺ 20 ന് സംസ്ഥാനത്ത് കാലവർഷം ആരംഭിച്ചതിനുശേഷം സെപ്റ്റംബർ 12 വരെ മഴയുമായി ബന്ധപ്പെട്ട അപകടങ്ങളിലും റോഡപകടങ്ങളിലും ആകെ 386 പേർ മരിച്ചു. 386 പേരിൽ 218 പേർ മഴയുമായി ബന്ധപ്പെട്ട അപകടങ്ങളിലാണ് മരിച്ചത്. 168 പേർ റോഡപകടങ്ങളിലും. ഇതുവരെ സംസ്ഥാനത്തിന് 4,465 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.

Tags:    
News Summary - Cloudburst hits Himachal again: Vehicles buried underground; no casualties

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.