അഗർത്തല: ത്രിപുരയിലെ ധലായ് ജില്ലയിൽ ഗോത്രവർഗ യുവാവ് കൊല്ലപ്പെട്ടതിനെ തുടർന്ന് സംഘർഷം. അക്രമികൾ നിരവധി കടകൾ കത്തിക്കുകയും വീടുകൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തു.
ജൂലൈ ഏഴിന് ധലായ് ജില്ലയിലെ ഗണ്ഡത്വിസയിൽ രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് 19കാരനായ പരമേശ്വര് റിയാങ് എന്ന കോളേജ് വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റത്. വെള്ളിയാഴ്‌ച പ്രദേശത്ത് തീവെപ്പ് നടന്നിരുന്നു.
തുടർന്ന് ഗ്രാമത്തിൽ കൂടുതൽ പോലീസുകാരെ വിന്യസിക്കുകയും ഇൻ്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്. അതിനിടെ, യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് നാലു പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. രഥയാത്രയോടനുബന്ധിച്ചുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ യുവാവിനെ ആദ്യം ഗണ്ഡത്വിസ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥിതി വഷളായതിനെ തുടർന്ന് പിന്നീട് ജി.ബി.പി ആശുപത്രിയിലേക്ക് മാറ്റി.
വെള്ളിയാഴ്ചയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയതെന്ന് ധലായ് എസ്.പി അവിനാഷ് റായ് പി.ടി.ഐയോട് പറഞ്ഞു. ചില വീടുകളും കടകളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് തങ്ങൾ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ സംഘർഷം ഉണ്ടാകാതിരിക്കാൻ ഗണ്ഡത്വിസയിൽ നിരോധനാഞ്ജ നടപ്പാക്കിയതായും എസ്.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.