ന്യൂഡൽഹി: സമൂഹ മാധ്യമ നിരീക്ഷണവുമായി ബന്ധപ്പെട്ട നീക്കത്തിൽ മലക്കം മറിഞ്ഞ് കേന്ദ്ര സർക്കാർ. പൗരന്മാരുടെ സമൂഹ മാധ്യമങ്ങളിലെ ഇടപെടൽ നിരീക്ഷിക്കാനും നിയന്ത്രിക്കാനും ലക്ഷ്യമിടുന്ന ‘സോഷ്യൽ മീഡിയ ഹബിൽ’നിന്ന് പിന്മാറുന്നതായി കേന്ദ്രം വെള്ളിയാഴ്ച സുപ്രീംകോടതിയെ അറിയിച്ചു. ഇതുസംബന്ധിച്ച വിജ്ഞാപനം റദ്ദാക്കിയതായി അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ ബോധിപ്പിച്ചു. സമൂഹ മാധ്യമ നയം പൂർണമായും അവലോകനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്കം നിരീക്ഷിക്കാനുള്ള സർക്കാർ നീക്കത്തെ സുപ്രീംകോടതി ജൂൈല 13ന് രൂക്ഷമായി വിമർശിക്കുകയും ഒരു ‘നിരീക്ഷണ രാഷ്ട്ര’മായിരിക്കും സൃഷ്ടിക്കപ്പെടുകയെന്ന് മുന്നറിയിപ്പ് നൽകുകയും െചയ്തിരുന്നു. വാട്സ്ആപ് അടക്കം സമൂഹ മാധ്യമങ്ങളെ നിരീക്ഷിക്കുന്നതിനായി കമ്യൂണിക്കേഷൻ ഹബ് സ്ഥാപിക്കാനുള്ള കേന്ദ്ര വിജ്ഞാപനത്തെ ചോദ്യം ചെയ്ത് തൃണമുൽ കോൺഗ്രസ് എം.എൽ.എ മൗവ മൊയിത്ര നൽകിയ ഹരജി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാൻവിൽകർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ച് വീണ്ടും പരിഗണിക്കവെയാണ് സർക്കാർ നിലപാട് മാറ്റിയത്. ഇതേ തുടർന്ന് ഹരജിയിൽ തീർപ്പ് കൽപിച്ചു.
പൗരന്മാരുടെ സമൂഹമാധ്യമങ്ങളിലെ ഇടപെടൽ നിരീക്ഷിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് ഹരജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. ആശയവിനിമയങ്ങൾ നിരീക്ഷിക്കാൻ ഒരു ഹബ് തുടങ്ങാൻ പൊതുമേഖല സ്ഥാപനമായ ബ്രോഡ്കാസ്റ്റിങ് എൻജിനീയറിങ് കൺസൾട്ടൻറ് ഇന്ത്യ ലിമിറ്റഡ് (ബി.ഇ.സി.െഎ.എൽ) അപേക്ഷ ക്ഷണിച്ചിരുന്നു. വാട്സ്ആപ്, ട്വിറ്റർ, ഫേസ്ബുക്, ഇൻസ്റ്റഗ്രാം തുടങ്ങിയവ നിരീക്ഷിക്കാനുള്ള സർക്കാർ പദ്ധതിയുടെ ഭാഗമായിരുന്നു വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിെൻറ നീക്കം. സർക്കാറിനെതിരെ ഉയരുന്ന വിമർശനങ്ങളെ ലക്ഷ്യമിട്ടാണ് നീക്കമെന്ന് മൗവ കുറ്റപ്പെടുത്തിയിരുന്നു. ടെൻഡറിൽ ആഗസ്റ്റ് 20ന് നടപടികൾ ആരംഭിക്കാനിരിക്കെയാണ് കേന്ദ്രം വിജ്ഞാപനം റദ്ദ് ചെയ്ത് നിയമക്കുരുക്കിൽനിന്ന് തലയൂരിയത്.
സമൂഹ മാധ്യമ കമ്യൂണിക്കേഷൻ ഹബ്
പൊതുമേഖല സ്ഥാപനമായ ബ്രോഡ്കാസ്റ്റിങ് എൻജിനീയറിങ് കൺസൾട്ടൻറ് ഇന്ത്യ ലിമിറ്റഡുമായി ചേർന്ന് കേന്ദ്ര വാർത്തവിതരണ മന്ത്രാലയം സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്കങ്ങൾ നിരീക്ഷിക്കാനും വിലയിരുത്താനും റിപ്പോർട്ട് തയാറാക്കാനും അടുത്തിടെയാണ് വിജ്ഞാപനം ഇറക്കിയത്. ഇതിനായി സോഫ്റ്റ്വെയർ രൂപവത്കരിക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. ഒാൺലൈൻ വാർത്താമാധ്യമങ്ങൾ, ബ്ലോഗുകൾ തുടങ്ങി എല്ലാതരം ഡിജിറ്റൽ രൂപങ്ങളിലെ ഉള്ളടക്കങ്ങളും അതതു സമയം ശേഖരിച്ച് ജില്ലാതലത്തിൽ പരിശോധിക്കാനായിരുന്നു ലക്ഷ്യം. ഇതിനായി ജില്ലകൾ തോറും ഹബ് സ്ഥാപിക്കും. സർക്കാർ പദ്ധതികളെ കുറിച്ചടക്കം യോജിപ്പും വിയോജിപ്പും മനസ്സിലാക്കുക, സമൂഹ മാധ്യമ ഉള്ളടക്കങ്ങൾ കേന്ദ്രത്തെ അറിയിക്കുക തുടങ്ങി നിരവധി കാര്യങ്ങൾ പരിശോധനയിൽ ഉൾപ്പെടും. ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.