ചെന്നൈ: ബിൽക്കീസ് ബാനു കൂട്ടബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ട 11 പ്രതികളെ ഗുജറാത്ത് സർക്കാർ ഇളവ് നൽകി വിട്ടയച്ചതിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി. ദേശീയ നിർവാഹക സമിതിയംഗവും നടിയുമായ ഖുശ്ബു സുന്ദർ. ബിൽക്കീസ് ബാനുവിന് നീതി ലഭിക്കണമെന്നും കുറ്റകൃത്യത്തിൽ ഉൾപ്പെട്ട ഒരാളെ പോലും വെറുതെ വിടരുതെന്നും ഖുശ്ബു ട്വീറ്റ് ചെയ്തു.
ബലാത്സംഗം ചെയ്യപ്പെടുകയോ, ആക്രമിക്കപ്പെടുകയോ ക്രൂരമായി പീഡിപ്പിക്കപ്പെടുകയോ, ആത്മാവിന് മുറിവേൽക്കപ്പെടുകയോ ചെയ്ത ഒരു സ്ത്രീക്ക് നീതി ലഭിക്കണം. അതിൽ ഉൾപ്പെട്ട ഒരു മനുഷ്യനെയും വെറുതെ വിടരുത്. അങ്ങനെ ചെയ്താൽ അത് മനുഷ്യത്വത്തിനും സ്ത്രീത്വത്തിനും അപമാനമാണ്. ബിൽക്കിസ് ബാനു അല്ലെങ്കിൽ ഏതെങ്കിലും ഒരു സ്ത്രീക്ക് രാഷ്ട്രീയത്തിനും പ്രത്യയശാസ്ത്രങ്ങൾക്കും അതീതമായി ഈ കാലഘട്ടത്തിൽ പിന്തുണ ആവശ്യമാണ്. -ഖുശ്ബു ട്വീറ്റിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ഗുജറാത്ത് സർക്കാർ കൂട്ടബലാത്സംഗ കേസിലെ പ്രതികളെ വിട്ടയച്ചതിൽ രാഷ്ട്രീയ മാനമില്ലെന്നാണ് ബി.ജെ.പി വനിത വിഭാഗം ദേശീയ അധ്യക്ഷ വനതി ശ്രീനിവാസൻ പ്രതികരിച്ചത്. മാർഗനിർദേശങ്ങളുടെയും കേസിന്‍റെ മെറിറ്റിന്‍റെയും അടിസ്ഥാനത്തിലാണ് കുറ്റവാളികളെ വിട്ടയച്ചത്. ഗുജറാത്ത് സർക്കാർ ഓരോ കേസും വിലയിരുത്താറുണ്ടെന്നും വനതി ശ്രീനിവാസൻ ചൂണ്ടിക്കാട്ടി.
കൂട്ടബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളെ വിട്ടയച്ച നടപടിക്കെതിരെ ബി.ജെ.പി നേതാക്കൾ പ്രതികരിക്കാത്തതിനെതിരെ രൂക്ഷവിമർശനമാണ് ഉയർന്നിട്ടുള്ളത്. കൂടാതെ, വിഷയത്തിൽ ഖുഷ്ബു പ്രതികരിക്കാൻ വൈകിയതിനെയും നെറ്റിസൺസ് വിമർശിച്ചു. അതേസമയം, ശക്തമായ പ്രതികരണം നടത്തിയ ഖുഷ്ബുവിനെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.