File Photo

'നേതാക്കളെ തകർക്കാൻ ഇ.ഡിയെയും സി.ബി.ഐയെയും ഉപയോഗിക്കുന്നു'; മന്ത്രിയുടെ രാജിക്ക് പിന്നാലെ ആം ആദ്മി പാർട്ടി

ന്യൂഡൽഹി: പാർട്ടിയെ തകർക്കുക ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതെന്ന തങ്ങളുടെ നിലപാട് ശരിവെക്കുന്നതാണ് ഡൽഹി മന്ത്രി രാജ്കുമാർ ആനന്ദിന്‍റെ രാജിയെന്ന് ആം ആദ്മി പാർട്ടി. ഇ.ഡിയെയും സി.ബി.ഐയെയും നിയോഗിച്ച് മന്ത്രിമാരെയും എം.എൽ.എമാരെയും പാർട്ടി വിടാൻ നിർബന്ധിക്കുകയാണെന്നും ആപ്പ് ആരോപിച്ചു.

ആപ്പ് മന്ത്രിമാർക്കും എം.എൽ.എമാർക്കും അഗ്നിപരീക്ഷണമാണ് ഇപ്പോഴെന്ന് പാർട്ടിയുടെ രാജ്യസഭ എം.പി സഞ്ജയ് സിങ് ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പാർട്ടിയെ തകർക്കാനുള്ള എല്ലാ ശ്രമങ്ങൾക്കെതിരെയും ഉറച്ചുനിന്ന് പോരാടുമെന്ന് അദ്ദേഹം പറഞ്ഞു.

പാർട്ടിയിൽ നിന്ന് രാജിവെക്കാനായി രാജ്കുമാർ ആനന്ദിനെ ഭീഷണിപ്പെടുത്തിയിരിക്കാമെന്ന് ഡൽഹി മന്ത്രി സൗരഭ് ഭരദ്വാജ് ആരോപിച്ചു. ഡൽഹിയിലെയും പഞ്ചാബിലെയും ആം ആദ്മി സർക്കാറിനെ തകർക്കുകയാണ് ലക്ഷ്യം. രാജ്കുമാർ ആനന്ദിനെ ഞങ്ങൾ വെറുക്കുകയോ വഞ്ചകനെന്ന് വിളിക്കുകയോ ചെയ്യുന്നില്ല. അങ്ങനെയൊന്നും പറയുന്നില്ല. കാരണം എല്ലാവർക്കും സഞ്ജയ് സിങ്ങിനെ പോലെ ഉറച്ചുനിൽക്കാനാവില്ല. രാജ്കുമാർ ആനന്ദ് ഭയപ്പെട്ടിരിക്കാമെന്നാണ് കരുതുന്നത് -സൗരഭ് ഭരദ്വാജ് പറഞ്ഞു.

ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിയാരോപണത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറസ്റ്റിലായതിന് പിന്നാലെ ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടിയായിക്കൊണ്ടാണ് ഡൽഹി സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി രാജ് കുമാർ ആനന്ദ് രാജി പ്രഖ്യാപിച്ചത്. പാർട്ടി അംഗത്വമടക്കം രാജിവെച്ചു. ആം ആദ്മി പാർട്ടി അഴിമതിയിൽ മുങ്ങിയെന്ന കനത്ത ആരോപണം ഉന്നയിക്കുകയും ചെയ്തു.

മദ്യനയക്കേസിൽ രാജ് കുമാർ ആനന്ദിനെ ഇ.ഡി ചോദ്യംചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടിക്കെതിരെ ആരോപണമുന്നയിച്ചുകൊണ്ട് മന്ത്രിയുടെ രാജി. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് തങ്ങളുടെ നേതാക്കളെ വിലക്കെടുക്കാൻ ബി.ജെ.പി ശ്രമിക്കുകയാണെന്ന് ആം ആദ്മി പാർട്ടി നേരത്തെ ആരോപണമുന്നയിച്ചിരുന്നു.

Tags:    
News Summary - BJP using ED, CBI to ‘break our ministers and MLAs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.