ന്യൂഡൽഹി: അലീഗഢിൽ പൗരത്വ സമരത്തിനിടെ മുസ്ലിം യുവാവിനെ വെടിവെച്ചു കൊന്നതിന് തെളിവില്ലെന്ന് വ്യക്തമാക്കി ബി.ജെ.പി നേതാവിനെയും രണ്ട് കൂട്ടാളികളെയും വിചാരണ കോടതി വെറുതെവിട്ടു. കൊല്ലപ്പെടും മുമ്പ് മുഹമ്മദ് താരീഖ് വെടിവെച്ച ബി.ജെ.പി നേതാവ് വിനയ് വാർഷ്നേയിക്കെതിരെ നൽകിയ മരണമൊഴിയിൽ ഒപ്പുവെച്ചിട്ടില്ലെന്നും മൊഴി നൽകിയ താരീഖിന്‍റെ മനോനില ഡോക്ടർ സാക്ഷ്യപ്പെടുത്തിയിട്ടില്ലെന്നും പറഞ്ഞാണ് കോടതി മൂവരെയും വിട്ടയച്ചത്.
പരാതിക്കാരനായ സഹോദരൻ മുഹമ്മദ് ശാരിഖ് അടക്കം കേസിലെ അഞ്ച് സാക്ഷികളും വിചാരണ വേളയിൽ പ്രതിഭാഗത്തേക്ക് കൂറുമാറുകയും ചെയ്തതും പൊലീസ് ഹാജരാക്കിയ ബി.ജെ.പി നേതാവിന്‍റെ ലൈസൻസുള്ള പിസ്റ്റളിൽ നിന്നുള്ളതല്ല താരീഖിന്‍റെ ദേഹത്തുനിന്ന് കിട്ടിയ വെടിയുണ്ട എന്ന് ബാലിസ്റ്റിക് പരിശോധനയിൽ വ്യക്തമായതും പ്രതികളുടെ മോചനത്തിന് വഴിയൊരുക്കി. ജയിൽമോചിതനായ വിനയ് വാർഷ്നേയിനെ ഈറ്റാ ജയിലിൽനിന്ന് 40ഓളം വാഹനങ്ങളുടെ അകമ്പടിയോടെ അലീഗഢിലേക്ക് ഘോഷയാത്രയായി കൊണ്ടുവന്നു.
2020 ഫെബ്രുവരി 23ന് അലീഗഢിലെ ബാബരി മണ്ഡിയിൽ സി.എ.എ-എൻ.ആർ.സി സമരക്കാരെ പൊലീസും സംഘ്പരിവാർ പ്രവർത്തകരും നേരിട്ടതിനിടയിലാണ് താരീഖ് വെടിയേറ്റ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.