എനിക്കൊരു കുടുംബമുണ്ട്...പൊട്ടിക്കരഞ്ഞ് മാപ്പപേക്ഷിച്ച് വിമാനത്തിൽ സഹയാത്രികയുടെ മേൽ മൂത്രമൊഴിച്ച പ്രതി

ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിൽ മദ്യപിച്ച് യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച പ്രതി കരഞ്ഞുമാപ്പപേക്ഷിച്ചതായി റിപ്പോർട്ട്. അറസ്റ്റ് ഒഴിവാക്കുന്നതിന്റെ ഭാഗമായാണിതെന്നാണ് കരുതുന്നത്. കഴിഞ്ഞ നവംബർ 26നു നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവന്നത്. നവംബർ 26ന് ന്യൂയോർക്ക് – ഡൽഹി വിമാനത്തിലാണ് ബിസിനസ് ക്ലാസിൽ യാത്രക്കാരിയുടെ മേൽ മദ്യലഹരിയിലായിരുന്ന വ്യാപാരി ശങ്കർ മിശ്ര മൂത്രമൊഴിച്ചത്.

മിശ്രയെ മാപ്പു പറയിക്കാനായി യാത്രക്കാരിയുടെ അടുത്തുകൊണ്ടു ചെന്നിരുത്തിയപ്പോഴാണ് അയാൾ കരഞ്ഞത്. തനിക്കൊരു കുടുംബമുണ്ടെന്നും അവരെ ഈ പ്രശ്നം ബാധിക്കരുതെന്നും പറഞ്ഞ് അയാൾ കരയുകയായിരുന്നു. അപ്പോൾ അയാളുടെ മുഖത്തേക്കു പോലും​ നോക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു താനെന്ന് പരാതിക്കാരി പറയുന്നു.

വിമാനത്തിലുണ്ടായ അതിക്രമം വിവരിച്ച് എയർ ഇന്ത്യ ഗ്രൂപ്പ് ചെയർമാൻ എൻ.ചന്ദ്രശേഖരന് യുവതി കത്തെഴുതിയിരുന്നു. എന്നാൽ ജനുവരി നാലിനാണ് എയർ ഇന്ത്യ പൊലീസിൽ പരാതി നൽകിയത്. ഇവർ പരാതി പിൻവലിച്ചതിനാലാണു പൊലീസിനു കൈമാറാതിരുന്നതെന്നാണ് എയർ ഇന്ത്യയുടെ വാദം. ശങ്കർ മിശ്ര യുവതിയുടെ ദേഹത്ത് മൂത്രമൊഴിച്ചപ്പോൾ അടുത്തുണ്ടായിരുന്ന മറ്റൊരു യാത്രക്കാരനാണ് ഇയാളെ സ്ഥലത്തുനിന്നും പിടിച്ചുമാറ്റിയതെന്നും റിപ്പോർട്ടിലുണ്ട്.

സ്ത്രീയുടെ വസ്ത്രങ്ങളും ബാഗുമെല്ലാം മൂത്രത്തിൽ നനഞ്ഞിരുന്നു. പരാതി നൽകിയെങ്കിലും വിമാനത്തിലെ ജീവനക്കാർ ആദ്യം ഇടപെടാൻ കൂട്ടാക്കിയില്ല. പിന്നീട് മറ്റൊരു വസ്ത്രം നൽകുകയായിരുന്നു. സീറ്റ് മാറ്റിത്തരാനും വിമാനത്തിലെ ജീവനക്കാർ തയാറായില്ല. തീർത്തും നിരുത്തരവാദപരമായാണ് വിമാനത്തിലെ ജീവനക്കാർ പെരുമാറിയതെന്നും യുവതി പറയുന്നു.

വിമാനം ഇറങ്ങുമ്പോൾ ഇയാളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടതായും കത്തിലുണ്ട്. യാത്രക്കാരന്റെ മാന്യതയും സുരക്ഷയും സംരക്ഷിക്കുന്നതിൽ ജീവനക്കാർ പരാജയപ്പെട്ടു. തന്റെ ഫോൺ നമ്പർ ശർമയ്ക്കു കൈമാറിയശേഷം ഷൂവിനും വസ്ത്രത്തിനുമുള്ള തുക കൈമാറാൻ ആവശ്യപ്പെട്ടുവെന്നും കത്തിൽ പറയുന്നു.  കത്തിനെക്കുറിച്ച് എയർ ഇന്ത്യ സി.ഇ.ഒ ക്യാംപ്ബെൽ വിൽസൻ റിപ്പോർട്ട് തേടിയിരുന്നു.

Tags:    
News Summary - Begged me... said he is a family man

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.