ന്യൂഡൽഹി: രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന ചടങ്ങ് ജനുവരി 22ന് നടക്കാനിരിക്കെ ഇതുമായി ബന്ധപ്പെട്ട തട്ടിപ്പ് വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. സൈബർ തട്ടിപ്പുകളാണ് രാമക്ഷേത്രവുമായി ബന്ധപ്പെട്ട് വ്യാപകമാവുന്നത്. ആപ് ഇൻസ്റ്റാൾ ചെയ്താൽ ക്ഷേത്രത്തിലേക്ക് ഒരാൾക്ക് വി.വി.ഐ.പി ദർശനം ലഭിക്കുമെന്ന സന്ദേശമാണ് വാട്സാപ്പിൽ വ്യാപകമായി പ്രചരിക്കുന്നത്.
വാട്സാപ്പ് മെസേജിനൊപ്പം 'രാം ജന്മഭൂമി ഗൃഹ് സമ്പർക്ക് അഭിയാൻ' എന്ന പേരിലുള്ള ആപും ഇൻസ്റ്റാൾ ചെയ്യാനുള്ള ലിങ്കുമുണ്ട്. ആപിൽ വ്യക്തിഗത വിവരങ്ങൾ ഉൾപ്പടെ നൽകിയാൽ വി.വി.ഐ.പി ദർശനവും പ്രസാദവുമെല്ലാം ലഭിക്കുമെന്നാണ് വാഗ്ദാനം. എന്നാൽ, ഇത്തരത്തിൽ ഈ ആപ് ഇൻസ്റ്റാൾ ചെയ്താൽ അത് ചെയ്യുന്നവരുടെ പാസ്വേഡുകൾ ഉൾപ്പടെയുള്ള വിവരങ്ങൾ ചോരുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. ഈ ആപ് ഉപയോഗിച്ച് വ്യക്തിഗത വിവരങ്ങൾ ചോർത്തിയാവും തട്ടിപ്പ് നടത്തുക. ഇതിനൊപ്പം രാമക്ഷേത്രത്തിന് ഫണ്ട് ആവശ്യപ്പെട്ടുകൊണ്ട് ക്യു ആർ കോഡ് തട്ടിപ്പും സമൂഹമാധ്യമങ്ങളിലുടെ നടക്കുന്നുണ്ട്. പല സംഘടനകളുടെ പേരിലും ഇത്തരത്തിൽ തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
ജനുവരി 22ാം തീയതി ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമാണ് രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന ചടങ്ങിലേക്ക് പ്രവേശനമുള്ളു. അതിന് ശേഷം ക്ഷേത്രത്തിലെ പ്രവേശനം ഉൾപ്പടെയുള്ള കാര്യങ്ങൾ സംബന്ധിച്ച് വിശദമായ മാർഗനിർദേശങ്ങൾ ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. നേരത്തെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങ് നടക്കുന്ന ദിവസങ്ങളിൽ ഹോട്ടൽ ബുക്കിങ്ങുകൾ പരമാവധി റദ്ദാക്കി ക്ഷേത്ര ട്രസ്റ്റ് ക്ഷണിച്ചവർക്ക മുറി നൽകാൻ ശ്രദ്ധിക്കണമെന്ന് അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.