തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അഞ്ച് വർഷം പഴക്കമുള്ള കേസിൽ അഖിലേഷിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് സി.ബി.ഐ

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ അനധികൃത ഖനന കേസിൽ എസ്.പി നേതാവ് അഖിലേഷ് യാദവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് സി.ബി.ഐ. അഞ്ച് വർഷം പഴക്കമുള്ള കേസിലാണ് അഖിലേഷിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. ഫെബ്രുവരി 29ന് ചോദ്യം ചെയ്യലിന് ഹാജരാവാണമെന്നാണ് നിർദേശം. സാക്ഷിയായാണ് അഖിലേഷിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്

സി.ആർ.പി.സി സെക്ഷൻ 160 പ്രകാരമാണ് സമൻസ്. ഖനനത്തിനുള്ള ലീസ് അനുവദിച്ചതിൽ ക്രമക്കേട് നടന്നുവെന്ന് ആരോപിച്ചാണ് അ അന്വേഷണം തുടങ്ങിയത്. 2012 മുതൽ 2016 വരെയുള്ള കാലയളവിൽ ഖനികളുടെ ഇ-ടെൻഡറിങ് നടത്തിയതിൽ അഴിമതിയുണ്ടായിട്ടുണ്ടെന്നാണ് ആരോപണം.

യു.പിയിലെ ഹാമിർപൂർ ജില്ലയിൽ അനധികൃതമായി ഖനികൾ അനുവദിച്ചുവെന്നാണ് പ്രധാന ആരോപണം. ദേശീയ ഗ്രീൻ ട്രിബ്യൂണൽ നിരോധനം ഏർപ്പെടുത്തിയിട്ടും ഖനികൾ ഇ-ടെൻഡറിലൂടെ അനുവദിച്ചുവെന്ന ആരോപണമാണ് ഇടപാട് സംബന്ധിച്ച് ഉയർന്നിരിക്കുന്നത്. അന്ന് മുഖ്യമന്ത്രിയായിരുന്ന അഖിലേഷ് യാദവ് ഒരു ദിവസം 13 ഖനികൾക്ക് അനുമതി നൽകിയിരുന്നു. ഇതുസംബന്ധിച്ച് ചോദിച്ചറിയുന്നതിനാണ് ഇപ്പോൾ സമൻസ് നൽകിയിരിക്കുന്നത്.

2016ലാണ് കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ പ്രാഥമിക അന്വേഷണം തുടങ്ങിയത്. അലഹബാദ് ഹൈകോടതിയുടെ നിർദേശപ്രകാരമായിരുന്നു അന്വേഷണം. 2019ൽ ഇതുമായി ബന്ധപ്പെട്ട് യു.പിയിലെ നിരവധി സ്ഥലങ്ങളിൽ സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു. 

Tags:    
News Summary - Akhilesh Yadav summoned by CBI in Uttar Pradesh illegal mining case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.