ചെന്നൈ: നടനും തമിഴക വെട്രി കഴകം(ടി.വി.കെ) പാർട്ടി നേതാവുമായ വിജയ് തന്റെ സഖ്യത്തിൽ ചേരാൻ സമ്മതിച്ചാൽ എ.ഐ.എ.ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി ബി.ജെ.പിയുമായുള്ള ബന്ധം ഉപേക്ഷിക്കുമെന്ന് എ.എം.എം.കെ ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരൻ. എന്നാൽ സഖ്യവുമായുള്ള ബാന്ധവത്തിന് വിജയ് തയാറാകുമോ എന്നതിൽ സംശയം നിലനിൽക്കുന്നുണ്ട്. കാരണം ആരുമായി സഖ്യത്തിലായാലും മുഖ്യമന്ത്രി സ്ഥാനാർഥി തന്റെ പാർട്ടിയിൽ നിന്നാവണമെന്നാണ് വിജയ് യുടെ താൽപര്യം.
തമിഴ് സിനിമയിലെ താരരാജാവാണ് വിജയ്. അദ്ദേഹം പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കാനായി ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് തോന്നുന്നുണ്ടോയെന്നും ദിനകരൻ ചോദിച്ചു.
എ.ഐ.എ.ഡി.എം.കെ പ്രവർത്തകരെ സജീവമായി നിലനിർത്താനാണ് ഈ ചർച്ചയുടെ ലക്ഷ്യം. നിർണായക നിമിഷങ്ങളിൽ സഖ്യം ഉപേക്ഷിക്കുന്നതിൽ മിടുക്കനാണ് ഇ.പി.എസ് എന്നും ദിനകരൻ കുറ്റപ്പെടുത്തി. കഴിഞ്ഞ വർഷം എൻ.ഡി.എയുമായുള്ള ബന്ധം വിട്ടതിനെയാണ് പരാമർശിച്ചത്. ''സഖ്യം രൂപീകരിക്കുന്നതിൽ തെറ്റില്ല. എന്നാൽ നിർണായക തെരഞ്ഞെടുപ്പിനിടെ രാജിവെക്കുകയും പിന്നീട് സഖ്യത്തിൽ എന്താണ് തെറ്റ് എന്ന് ചോദിക്കുകയും ചെയ്യുന്നത് കാപട്യമാണ്. നാമക്കലിലെ കൊമരപാളയത്തിൽ നിന്നുള്ള ഒരു വിഡിയോയിൽ എ.ഐ.എ.ഡി.എം.കെ ടീ ഷർട്ട് ധരിച്ച ഒരാൾ ടി.വി.കെ, ഡി.എം.ഡി.കെ പതാകകൾ വീശുന്നതായി കാണിച്ചിരിക്കുന്നു. എ.ഐ.എ.ഡി.എം.കെ-ടി.വി.കെ സഖ്യമുണ്ടാക്കാൻ പോവുകയാണെന്ന ചർച്ചക്ക് ആക്കം കൂട്ടാനുള്ള ശ്രമമാണിത്''-ദിനകരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.